കഞ്ചാവ് കടത്തുകാര്‍ക്കിനി രക്ഷയില്ല, മണം പിടിച്ചെത്തി പിടികൂടാന്‍ പിന്നാലെ ലിസിയുണ്ട്

By Web TeamFirst Published Feb 13, 2019, 4:39 PM IST
Highlights

മയക്കുമരുന്നു കേസുകൾ വർധിച്ചുവരുന്ന ജില്ലയിൽ കഞ്ചാവ് വ്യാപനത്തിന് തടയിടാൻ ലിസിയുടെ വരവ് ഏറെ പ്രതീക്ഷ പകരുന്നു. ക‍ഴിഞ്ഞവർഷം ജില്ലയിൽ 571 മയക്കുമരുന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരിയിൽ മാത്രം 40 കേസുകളിലായി 44 പേരെ ലഹരികടത്തിൽ പിടികൂടിയിട്ടുണ്ട്

ആലപ്പുഴ: കഞ്ചാവ് എവിടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചാലും മണം പിടിച്ചെത്തി പിടികൂടാൻ ലിസി തയാറായിക്കഴിഞ്ഞു. കേരള പൊലീസ് സ്ക്വാഡിലെ ഏക മയക്കുമരുന്ന് സ്നേക്കറായ ഒരുവയസുകാരി ലിസി തൃശൂർ പൊലീസ് അക്കാഡമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. കഞ്ചാവുൾപ്പടെയുള്ള ലഹരി വസ്തുക്കൾ മണം പിടിച്ച് കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനമാണ് ലിസി നേടിയിരിക്കുന്നത്.

'കഞ്ചാവ് കടത്തുകാരെ പിടികൂടാനുള്ള നർക്കോട്ടിക് വിഭാഗത്തിന്‍റെ ഭാഗമാണ് ലിസി. നവംബറിലാണ് അവൾ പരിശീലനം പൂർത്തിയാക്കിയത്. ലഹരി വസ്തുക്കൾ കണ്ടെത്തുക എന്നത് മാത്രമാണ് ഇപ്പോൾ ലിസിയുടെ ജോലി'- ഡോഗ് സ്ക്വാഡ് സബ്  ഇൻസ്പെക്‌ടർ ഡി.കെ.പുഷ്പകുമാർ പറഞ്ഞു.

അടുത്തിടെ പരിശീലനത്തിന്‍റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ലിസി സ്ഥലത്ത് നിന്ന് ഒരു കിലോ ഗ്രാം കഞ്ചാവ് കണ്ടുപിടിച്ചിരുന്നു. ആകെ അഞ്ച് നായകളുള്ള സ്ക്വാഡിൽ ലിസി ഉൾപ്പടെ നാലു പേരും ലാബ്റഡോർ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്കൊപ്പം ഒരു ജർമൻ ഷെപ്പേർഡുമുണ്ട്. സബ് ഇൻസ്പെക്‌ടറുടെ മേൽനോട്ടത്തിലുള്ള സ്ക്വാഡിൽ ഓരോ നായക്കും രണ്ടു പരിപാലകർ വീതമാണുള്ളത്.

മയക്കുമരുന്നു കേസുകൾ വർധിച്ചുവരുന്ന ജില്ലയിൽ കഞ്ചാവ് വ്യാപനത്തിന് തടയിടാൻ ലിസിയുടെ വരവ് ഏറെ പ്രതീക്ഷ പകരുന്നു. ക‍ഴിഞ്ഞവർഷം ജില്ലയിൽ 571 മയക്കുമരുന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരിയിൽ മാത്രം 40 കേസുകളിലായി 44 പേരെ ലഹരികടത്തിൽ പിടികൂടിയിട്ടുണ്ട്.

click me!