കാലില്‍ മുറിവുമായി ദുരിത ജീവിതം; തെരുവില്‍ കഴിഞ്ഞിരുന്ന സുധീഷിന് കൈത്താങ്ങായി സാമൂഹ്യ നീതി വകുപ്പ്

By Web TeamFirst Published Sep 1, 2022, 8:10 PM IST
Highlights

ആരോരുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി സുധീഷിന് ചികിത്സയൊരുക്കി സാമൂഹ്യനീതി വകുപ്പ്.

ആലപ്പുഴ: കാലില്‍ പൊട്ടിയൊലിക്കുന്ന വൃണവുമായി ആരോരുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി സുധീഷിന് ചികിത്സയൊരുക്കി സാമൂഹ്യനീതി വകുപ്പ്. ഏറെക്കാലമായി തോണ്ടംകുളങ്ങരയ്ക്ക് സമീപം കടത്തിണ്ണയിലാണ് സുധീഷ് കഴിഞ്ഞിരുന്നത്. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആരംഭിച്ച ലോട്ടറി വില്‍പനയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ആശ്രയം. 

കാലിലുണ്ടായ മുറിവ് പിന്നീട് വലിയ വൃണമായി മാറുകയായിരുന്നു. മഴയത്ത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഉണ്ടായതോടെ സുധീഷിന്‍റെ ജീവിതം ആകെ ദുരിതത്തിലായി. ലോട്ടറി കച്ചവടവും കുറഞ്ഞു. അന്നന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിലായ സുധീഷിന്‍റെ ദുരതം ഓള്‍ ഡവലപ്പ്മെന്റ് റെസ്പോണ്‍സ് ഫോറം എന്ന സംഘടനയാണ് ജില്ലാ സാമൂഹ്യ നീതി വകുപ്പിനെ  അറിയിച്ചത്. വിഷയം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെയും ശ്രദ്ധയില്‍പ്പെടുത്തി. കളക്ടറുടെ കൂടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചികിത്സക്കായി സുധീഷിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍, എ.ഡി.ആര്‍.എഫ്. കോ-ഓര്‍ഡിനേറ്റര്‍ പ്രേംസായി ഹരിദാസ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. 

മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ സുധീഷിന്റെ അസുഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ മധു, എ.ഡി.ആര്‍.എഫ്. രക്ഷാധികാരി സി. വിജയകുമാര്‍, അജിത്ത് കുമാര്‍, ഹരീഷ്, അജീഷ്, സാമൂഹ്യ പ്രവര്‍ത്തകരായ യദുകൃഷ്ണന്‍, സക്കറിയ, അമല്‍ എന്നിവരും സന്നിഹിതരായിരുന്നു. എ.ഡി.ആര്‍.എഫ്. പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ ലാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുധീഷിനെ സഹായിക്കാനുള്ളത്.

click me!