
തൃശൂര്‍: കള്ള് കുടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചേരിപ്പോര്. സാമ്പത്തിക സ്ഥിതിയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത് മദ്യ വില്‍പന ആണെന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രി അടക്കം പറഞ്ഞിട്ടുള്ള സംസ്ഥാനത്താണ് കള്ള് കുടിച്ചതിന് യുവതി അറസ്റ്റിലായതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. ബീവറേജസ് കോര്‍പ്പറേഷന്‍ വിദശ മദ്യത്തിലൂടെയും കള്ളുഷാപ്പുകളില്‍ കള്ളിലൂടെയും നല്‍കുന്നത് ലഹരി തന്നെയാണ്. പിന്നെ എന്തിനാണ് ഒരു യുവതിയെ കള്ള് കുടിച്ചതിന് അറസ്റ്റ ചെയ്യുന്നതെന്നും പ്രതികരിക്കുന്നു ചിലര്‍.
കള്ളിനേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്യുന്ന ആദ്യത്തെ ആളല്ല അറസ്റ്റിലായ യുവതിയെന്നും പുരുഷന്മാര്‍ ചെയ്യുമ്പോള്‍ പ്രശ്നമില്ലാത്തത് എന്തുകൊണ്ടാണ് ഇപ്പോള്‍ പ്രശ്നമാകുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്. ഒരു സ്ത്രീ ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്നും പുരുഷനായിരുന്നു ചെയ്തതെങ്കിലും അറസ്റ്റ് ചെയ്യാന്‍ ആരും വരില്ലെന്നും വിമര്‍ശിക്കുന്നുണ്ട് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. കേരളാ മദ്യ നിരോധന സമിതി ഈ വീഡിയോ മാത്രമാണോ ശ്രദ്ധിച്ചതെന്നും ലിംഗ വ്യത്യാസവും സമൂഹത്തില്‍ നില നില്‍ക്കുന്ന പൊതുവായുള്ള കാഴ്ചപ്പാടാണ് മദ്യ നിരോധന സമിതിയെ പ്രകോപിപ്പിച്ചതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ഇൻസ്റ്റഗ്രാം റീച്ചിനായി ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചേര്‍പ്പ് സ്വദേശിനിയായ യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ച കുറ്റത്തിനാണ് എക്സ്സെസ് യുവതിയെ അറസ്റ്റ് ചെയ്തത്. തൃശൂരിലെ കുണ്ടോളിക്കടവ് ഷാപ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചേർപ്പ് സ്വദേശിനിക്കും കൂട്ടുകാരികൾക്കും പൊല്ലാപ്പായത്. ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ കേരളാ മദ്യനിരോധന സമിതി എക്സെസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് തൃശൂർ എക്സൈസ് സ്പെഷ്യർ സ്ക്വാഡ് സി ഐ ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം വീഡിയോയുടെ ഉറവിടം കണ്ടെത്തിയതും ചേർപ്പ് സ്വദേശിനിയായ യുവതിയെയും കൂട്ടുകാരികളെയും വിളിച്ചു വരുത്തിയതും. ഏഴു പേരിൽ നിന്നും എക്സൈസ് മൊഴിയെടുത്തു. ഇൻസ്റ്റയിൽ റീച്ചും ഫോളവേഴ്സിനെയും കൂട്ടാനാണ് വീഡിയോ എടുത്തതെന്നാണ് എക്സെസ് സംഘം പറയുന്നത്. യുവതിയെ ജാമ്യത്തിൽ വിട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam