അബദ്ധം പറ്റരുത്; തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയ നിരീക്ഷണത്തിലാണ്

By Web TeamFirst Published Apr 6, 2019, 5:25 PM IST
Highlights

ഗ്രൂപ്പ് എസ് എം എസ്. ഉപയോഗിക്കുന്നതിനുള്ള ചെലവുകളുടെ കണക്കും കമ്മീഷന് നല്‍കണം. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള എസ് എം എസുകള്‍ അയക്കരുത്. പോളിംഗ് അവസാനിക്കുന്നതിന്റെ  48 മണിക്കൂര്‍ മുമ്പ് മുതല്‍ രാഷ്ട്രീയ സ്വഭാവമുള്ള ബള്‍ക്ക് എസ് എം എസുകള്‍ക്ക് നിരോധനമുണ്ട്

കല്‍പ്പറ്റ: പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വോട്ടുപിടുത്തവും കമന്‍റുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് രൂപവ്തക്കരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയുടെ സംസ്ഥാനജില്ലാതല കമ്മറ്റികളാണ് നിരീക്ഷണം നടത്തുന്നത്.  ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്അപ്പ്, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണവിധേയമാണ്.

സോഷ്യല്‍ മീഡിയകളില്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത രീതിയിലുള്ള കമന്റുകളും അസത്യ പ്രചാരണവും പാടില്ല. നിയമലംഘനം  നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. വ്യാജ അക്കൗണ്ടുണ്ടാക്കി പ്രചാരണം നടത്താന്‍  പാടില്ല. റേഡിയോ, ടിവി തുടങ്ങി മറ്റ് ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പരസ്യം നല്‍കുന്നതിന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. ഫോറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ മാധ്യമ നിരിക്ഷണ സെല്ലില്‍ ലഭിക്കും.

പരസ്യത്തിന്റെ രണ്ട് സോഫ്റ്റ് കോപ്പിയും ട്രാന്‍സ്‌ക്രിപ്റ്റിന്റെ രണ്ട് പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം. സോഷ്യല്‍ മീഡിയകളിലൂടെയുള്ള പ്രചാരണത്തിന് ചെലവഴിക്കുന്ന തുകക്ക് കൃത്യമായ കണക്ക് സൂക്ഷിക്കുകയും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍ ഇവ ഉള്‍പ്പെടുത്തി കമ്മീഷന് നല്‍കുകയും വേണം. വെബ്‌സൈറ്റിലൂടെ പ്രചാരണം നടത്തുന്ന സ്ഥാനാര്‍ത്ഥികള്‍ ഡൊമൈന്‍ രജിസ്‌ട്രേഷന്‍, വെബ് ഹോസ്റ്റിങ്, വെബ് ഡിസൈനിങ്, മെയിന്റനന്‍സ് എന്നീ ചെലവുകളും നല്‍കണം. ഗ്രൂപ്പ് എസ് എം എസ്. ഉപയോഗിക്കുന്നതിനുള്ള ചെലവുകളുടെ കണക്കും കമ്മീഷന് നല്‍കണം. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള എസ് എം എസുകള്‍ അയക്കരുത്. പോളിംഗ് അവസാനിക്കുന്നതിന്റെ  48 മണിക്കൂര്‍ മുമ്പ് മുതല്‍ രാഷ്ട്രീയ സ്വഭാവമുള്ള ബള്‍ക്ക് എസ് എം എസുകള്‍ക്ക് നിരോധനമുണ്ട്.

 

click me!