
ഹരിപ്പാട്: മദ്യലഹരിയിൽ വൃദ്ധ മാതാവിനെ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ച സൈനീകനെ റിമാൻഡ് ചെയ്തു. ബന്ധപ്പെട്ട സൈനിക യൂണിറ്റ് മേലധികാരിക്കും പൊലീസ് റിപ്പോർട്ട് അയച്ചു. ഇയാളുടെ ജോലിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
മുട്ടം ആലക്കോട്ടിൽ സുബോധ്(37) ആണ് വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ചത്. സഹോദരൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പൊലീസ് സുബോധിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബെംഗളുരുവിൽ ജോലിയിലായിരുന്ന ഇയാൾ അസമിലേക്ക് സ്ഥലംമാറ്റം കിട്ടിയതിനെ തുടർന്ന് നാല് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
പുതിയ യൂണിറ്റിൽ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും നാട്ടിലെത്തി അമ്മയെ അക്രമിച്ചതും കണക്കിലെടുത്ത് സൈനിക തലത്തിൽ ഇയാൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. വധശ്രമത്തിന് റിമാൻഡിലായ ഇയാൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ തന്നെ ദിവസങ്ങൾ വേണ്ടിവരും. എന്നാൽ ഇത്രയും ക്രൂരകൃത്യം ചെയ്ത മകൻ ജയിലിലായത് കാരണം 69 വയസുകാരിയായ ബാധിക്കപ്പെട്ട മാതാവ് കടുത്ത മാനസിക സംഘർഷത്തിലാണ്.
സഹോദരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുബോധിനെതിരെ കേസെടുക്കുമെന്ന് കായംകുളം ഡി വൈ എസ് പി നേരത്തെ അറിയിച്ചിരുന്നു. സൈനികനായി ജോലി ചെയ്യുന്ന സുബോധ് അവധിക്കെത്തിയതാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam