ലോക് ഡൗണിൽ 'വായിച്ച് വളരാം', ഓരോ വീട്ടിലും പുസ്തകങ്ങളെത്തിച്ച് ഒരു കൂട്ടം ലൈബ്രറി പ്രവര്‍ത്തകര്‍

By Web TeamFirst Published Apr 8, 2020, 12:08 PM IST
Highlights

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് സമീപ പ്രദേശത്തെ വീടുകളിൽ ആവശ്യാനുസരണം പുസ്‌തകങ്ങളെത്തിച്ചു നൽകും. കയ്യുറയും മുഖാവരണവും ധരിച്ച് വീടുകളിലെത്തിക്കുന്ന പുസ്തകം ലോക് ഡൗണിന് ശേഷം തിരികെ വാങ്ങും.

കോഴിക്കോട്: നാടുമുഴുവൻ സുരക്ഷിതത്വത്തിനായി വീട്ടീലിരിക്കുമ്പോൾ ഓരോ വീട്ടീലും വായനാമുറി ഒരുക്കുകയാണ് തൃക്കുറ്റി ശ്ശേരിയിലെ ഒരു പറ്റം ലൈബ്രറി പ്രവർത്തകർ. കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ പാലോളി മുക്കിലെ പുസ്തകക്കൂട് വായനാമുറിയുടെ നേതൃത്വത്തിലാണ് ലോക് ഡൗണിൽ കുടുങ്ങി വീട്ടിലിരിക്കുന്നവർക്ക് സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിന് പുതുവഴി തീർത്തത്.

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് സമീപ പ്രദേശത്തെ വീടുകളിൽ ആവശ്യാനുസരണം പുസ്‌തകങ്ങളെത്തിച്ചു നൽകും. കയ്യുറയും മുഖാവരണവും ധരിച്ച് വീടുകളിലെത്തിക്കുന്ന പുസ്തകം ലോക് ഡൗണിന് ശേഷം തിരികെ വാങ്ങും. ജോലിത്തിരക്കും സമയക്കുറവുകൊണ്ടും മാറ്റിവെച്ച ശീലം വീണ്ടെടുക്കാനായതിന്റെ ആഹ്ലാദവും കളിക്കാൻ കൂട്ടില്ലാതെ കുഴങ്ങിയ മക്കളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ സാധിച്ചതിന്റെയും സന്തോഷത്തിലാണ് രക്ഷിതാക്കൾ.

ബാലസാഹിത്യത്തിനും നോവലിനുമാണ്‌ വായനക്കാരേറെയുള്ളത്. രണ്ടംഗങ്ങളടങ്ങുന്ന അഞ്ചു ടീമുകൾ ഓരോ ആഴ്ചയിലും 10 വീടുകളിലെത്തി പുസ്തകം നൽകും.ഒപ്പം കൊറോണ ബോധവൽക്കരണ ലഘുലേഖയും വീട്ടുമുറ്റത്ത് കൃഷി ചെയ്യാനുള്ള പച്ചക്കറി വിത്തും നൽകുന്നു. വായിച്ച പുസ്തകങ്ങൾക്ക് മികച്ച ആസ്വാദക കുറിപ്പ് തയ്യാറാക്കുന്ന കുട്ടികൾക്കും വനിതകൾക്കും ആകർഷകമായ സമ്മാനങ്ങളും നൽകും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!