
ചാരുംമൂട്: കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറയംകുളം ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ജയകുമാരിയുടെ ഇളയ മകൾ അർച്ചനയുടെ ഭർത്താവ് ആലപ്പുഴ പഴവീട് എട്ടിൽചിറ വീട്ടിൽ ജോജി ജോസഫ് (30) ആണ് പ്രതി. കൃത്യം നടത്തിയ ശേഷം ഒളിവില്പോയ പ്രതിയെ ഉച്ചയ്ക്ക് രണ്ടരയോടെ ചേർത്തല എസ് എൻ കോളജിന് സമീപത്തുവെച്ച് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുവർഷം മുൻപായിരുന്നു അർച്ചനയും ജോജിയും തമ്മിലുള്ള പ്രണയവിവാഹം. ദമ്പതികൾക്കൊരു കുഞ്ഞുണ്ട്. ജോജിയുടെ ഉപദ്രവത്തെത്തുടർന്ന് രണ്ടുമാസം മുൻപ് അർച്ചന സ്വന്തം വീട്ടിലേക്ക് വരികയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അന്ന് ഒത്തുതീർപ്പിലെത്തി മടങ്ങിയെങ്കിലും ഉപദ്രവം തുടർന്നതോടെ കഴിഞ്ഞ 19ന് കുഞ്ഞുമായി വീണ്ടും സ്വന്തം വീട്ടിലെത്തി നൂറനാട് പോലീസിൽ പരാതി നൽകി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ജോജി ഭാര്യാപിതാവ് ജയകുമാറിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിലും പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പൊലീസ് ജോജിയെ താക്കീത് ചെയ്യുകയും ഞായറാഴ്ച കുഞ്ഞിനെ കാണാൻ അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, അർച്ചനയെ തന്നോടൊപ്പം വിടാത്തതും കുഞ്ഞിനെ കാണിക്കാത്തതും ജയകുമാരിയുടെ പ്രേരണയിലാണെന്ന വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. പോലീസിൽ നൽകിയ പരാതികളിൽ വേണ്ട രീതിയിൽ പരിഹാരമുണ്ടാക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ശനിയാഴ്ച പുലർച്ചെ നാലുമണിക്ക് ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരനായ ജയകുമാർ ജോലിക്ക് പോയശേഷമാണ് ജോജി എത്തിയത്. അടുക്കളവാതിലിൽ തട്ടിവിളിച്ച പ്രതി, ജയകുമാരി വാതിൽ തുറക്കുംമുൻപേ തള്ളിത്തുറന്ന് അകത്തുകയറി ബഹളമുണ്ടാക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. രക്തംവാർന്ന ജയകുമാരിയെയും കൂട്ടി അർച്ചന അയൽവാസികളുടെ സഹായം തേടി ഓടുന്നതിനിടെ ജയകുമാരി ബോധരഹിതയായി വീണു. ഉടൻതന്നെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ പ്രതി രക്ഷപ്പെട്ടിരുന്നു. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വൈകിട്ട് 5.30ഓടെ സിഐ പി ശ്രീജിത്ത്, എസ് എച്ച് ഒ രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
അടുത്തുള്ള പുരയിടത്തിൽ ഉപേക്ഷിച്ച കത്തിയും കണ്ടെടുത്തു.ജയകുമാരിയുടെ സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. അപർണ്ണയാണ് മറ്റൊരു മകൾ. മരുമകൻ: അനീഷ് (ഗൾഫ്). എസ് എച്ച് ഒ രതീഷ് ബാബു, എസ്ഐ ഹക്കിം, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ സിജു, പ്രവീൺ, സി പി ഒ മാരായ ബിനു, മനു, രഞ്ജു, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam