
ആലപ്പുഴ: അമ്മയെ മകന്‍ കഴുത്ത് ഞെരിച്ച് കൊന്നുവെന്ന വാർത്തയുടെ ഞെട്ടലിലാണ് ആലപ്പുഴയിലെ ഭരണിക്കാവ്. അമ്മയെ കൊലപ്പെടുത്തിയ മകൻ നിഥിൻ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു രമയുടെ ഇളയമകൻ നിഥിൻ. പണത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ കൊലപാതകത്തിന്‍റെ കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൂത്ത മകൻ ഭക്ഷണം കഴിക്കാനെത്തിയപ്പോളാണ് അമ്മ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഈ സമയത്ത് പുറത്തുപോയിരുന്ന നിഥിൻ മടങ്ങിയെത്തിയതോടെ വീട്ടിൽ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവം ഇങ്ങനെ
ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭരണിക്കാവ് പുത്തന്‍തറയില്‍ മോഹനന്‍റെ ഭാര്യയാണ് കൊല്ലപ്പെട്ട രമ. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇളയ മകന്‍ നിഥിൻ, അമ്മയുമായി വഴക്കിടുകയായിരുന്നു ആദ്യം. വഴക്കും തർക്കവും മൂത്തതോടെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നിഥിൻ വീട്ടില്‍നിന്ന് പുറത്ത് പോകുകയായിരുന്നു. കുറച്ച് നേരത്തിന് ശേഷം മുത്ത മകൻ മിഥിൻ ഭക്ഷണം കഴിക്കാനൻ വീട്ടിലെത്തിയപ്പോഴാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. മിഥിൻ ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും പുറത്ത് പോയിരുന്ന നിഥിന്‍ മടങ്ങിയെത്തുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് നിഥിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അമ്മയുമായി നിഥിൻ നിരന്തരം വഴിക്കിടുമായിരുന്നു എന്നാണ് അയൽവാസികള്‍ പറയുന്നത്. മൃതദേഹം ചാരുംമൂട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ഇന്നലെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ആളൂരിൽ അച്ഛനെയും രണ്ടരവയസുള്ള കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി എന്നതാണ്. അച്ഛൻ 37 കാരൻ ബിനോയി തൂങ്ങിമരിച്ച നിലയിലും, കുഞ്ഞിനെ സമീപത്ത് നിലത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.