ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ. രണ്ടര വയസുകാരൻ അഭിജിത് കൃഷ്ണ, അച്ഛൻ ബിനോയ് എന്നിവരാണ് മരിച്ചത്.

തൃശൂർ: തൃശൂർ ആളൂരിൽ അച്ഛനെയും രണ്ടരവയസുള്ള കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി. അച്ഛൻ 37 കാരൻ ബിനോയി തൂങ്ങിമരിച്ച നിലയിലും, കുഞ്ഞിനെ സമീപത്ത് നിലത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം.

കുഞ്ഞിന് സംസാര ശേഷി ഇല്ലായിരുന്നു. ബിനോയ് ഹൃദ്രോഗിയാണ്. പ്രവാസി മലയാളിയാണ് ബിനോയ് . ലോട്ടറി വിറ്റാണ് ഉപജീവനം. സാമ്പത്തികമായും ആരോഗ്യപരമായും പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഭാര്യയും ഒൻപത് വയസുള്ള മൂത്ത മകനും ഉറക്കമുണർന്നപ്പോഴാണ് രണ്ടു പേരുടേയും മൃതദേഹങ്ങൾ കണ്ടത്. ആളൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

Read more:  രാത്രി മൂന്ന് മണിക്ക് നടത്തിയ പൊലീസ് പരിശോധന, ചവറയിൽ കാറിൽ പിടിച്ചത് 214 ഗ്രാം എംഡിഎംഎ, മൂന്നുപേര്‍ പിടിയിൽ

അതേസമയം, കാസർകോട് കോട്ടപ്പുറത്തു മരിച്ച നിലയിൽ കാണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഈ മാസം നാലിന് രാത്രി കോട്ടപ്പുറം ഗ്രീൻ സ്റ്റാർ ക്ലബിന് സമീപമുള്ള വാടക വീട്ടിൽ തമിഴ്‌നാട് സ്വദേശി രമേശൻ മരിച്ച സംഭവത്തിലാണ് ട്വിസ്റ്റ്. രമേശൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു പ്രതികൾ ആദ്യം പറഞ്ഞത്.

മധുര സ്വദേശിയായിരുന്നു 42 കാരനായ രമേശൻ. കോട്ടപ്പുറം -കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിൽ ആണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടത്തിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും അടക്കം 11 പേരാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് കൊലപാതകം നടന്നത്. പിന്നീട് പ്രതികൾ തന്നെ നാട്ടുകാരെ വിളിച്ച് തങ്ങളുടെ കൂടെയുള്ള ഒരാൾ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു കിടക്കുന്നതായി അറിയിച്ചത്.

നാട്ടുകാർ വിവരം നീലേശ്വരം പോലീസിൽ അറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി. പിന്നീട് പോലീസ് ഈ വീട്ടിൽ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തു. ഇതോടെ കേസിന്റെ ചുരുൾ അഴിഞ്ഞു. പ്രതികൾ ആവശ്യപ്പെട്ട വേതനം നൽകാത്തതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട രമേശനുമായുണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ വാത്തുരുത്തി സ്വദേശി 54 കാരനായ കെപി ബൈജുവാണ് ഒന്നാം പ്രതി. ഇയാൾ എറണാകുളം സെൻട്രൽ പൊലീസ്, വൈപ്പിൻ, ഐലന്റ് ഹാർബർ പൊലീസ്, തോപ്പുംപടി പൊലീസ് എന്നിവിടങ്ങളിലായി 14 കേസുകളിൽ പ്രതിയാണ്.