തലയ്ക്കടിയേറ്റ് അമ്മ മരിച്ച കേസിൽ പ്രതി ചേര്‍ത്ത മകനെ വെറുതെ വിട്ടു

By Web TeamFirst Published Dec 19, 2018, 5:23 PM IST
Highlights

ബിജു കുമാറിന്റെ അമ്മ പൊന്നമ്മയെ വീടിനുള്ളിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ നാട്ടുകാരാണ് പുലർച്ചെ കാണുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ അവര്‍ മരിച്ചു

ആലപ്പുഴ: തലയ്ക്ക് അടിയേറ്റ് അമ്പത്തിയഞ്ച് വയസുകാരിയായ അമ്മ മരിച്ച കേസിൽ പ്രതി ചേര്‍ത്ത മകനെ വെറുതെ വിട്ടു. ചെങ്ങന്നൂർ ചെറിയനാട് ചെറുകര തെക്കേനിൽ വീട്ടിൽ ബിജുകുമാർ (40)നെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. 2013 ഏപ്രിൽ മൂന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ബിജു കുമാറിന്റെ അമ്മ പൊന്നമ്മയെ വീടിനുള്ളിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ നാട്ടുകാരാണ് പുലർച്ചെ കാണുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഒൻപതാം തീയതി പൊന്നമ്മ മരിച്ചു. എട്ടു സെന്റ് വസ്തുവും വീടും, വിൽക്കാൻ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലം രാത്രി വടി കൊണ്ട് ബിജുകുമാര്‍ അമ്മയുടെ തലയില്‍ അടിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

പരിക്കേറ്റ  അമ്മയ്ക്ക് മകൻ ചികിത്സ നിഷേധിച്ചതായും പ്രോസിക്യൂഷന്‍ ഉന്നയിച്ചു.  മരണ ശേഷം ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് ബിജു കുമാറിനെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ 14 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 24 രേഖകൾ തെളിവാക്കി.

കേസ് സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിയാത്തതിനാൽ അഡീഷണൽ സെഷൻസ് ആന്‍ഡ് പോക്സോ പ്രത്യേക കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ ബിജുകുമാറിനെ വെറുതെ വിടുകയായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകയായ എസ് പ്രേമ ഹാജരായി. കേസിൽ വിചാരണ തടവുകാരനായി മൂന്ന് വർഷം പ്രതിക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  

click me!