Latest Videos

നാല് ദിവസം, 10 പ്രമുഖ ക്ഷേത്രങ്ങൾ; 'സോപാന സംഗീത പരിക്രമ'ത്തിന് നാളെ അമ്പലപ്പുഴയിൽ തുടക്കം കുറിക്കും

By Web TeamFirst Published May 7, 2024, 9:09 PM IST
Highlights

കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മെയ് 8 ന് രാവിലെ 8 മണിക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പരിപാടി ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ: കേരളത്തിന്‍റെ തനത്കലയായ സോപാന സംഗീതത്തിന്‍റെ മഹോത്സവം 'സോപാന സംഗീത പരിക്രമം' മെയ് 8 മുതൽ 11 വരെ കേരളത്തിൽ അരങ്ങേറും. നാല് ദിവസം 10 പ്രമുഖ ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിപ്പിച്ചുകൊണ്ടുള്ള യാത്രയാണ് സോപാന സംഗീത പരിക്രമം. ബഹറിനിലെ പ്രശസ്ത വാദ്യകലാ പരിശീലന കേന്ദ്രമായ ബഹറിൻ സോപാനം വാദ്യകലാ സംഘമാണ്  സോപാന സംഗീത പരിക്രമം സംഘടിപ്പിക്കുന്നത്. കുട്ടികളും സ്ത്രീകളുമുൾപ്പെടെ 18 പ്രവാസികളായ സോപാനഗായകരാണ്  സംഘത്തിലുള്ളത്. 

ബഹറിൻ സോപാനം വാദ്യകലാ സംഘത്തിലെ  ഗുരു മേളകലാരത്നം  സന്തോഷ്‌ കൈലാസ്‌ ആണ് പുതുമയേറിയ ഈ സംഗീത പര്യടനത്തിന് നേതൃത്വം നൽകുന്നത്. മെയ് 8 ന് കാലത്ത്  അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആരംഭിക്കുന്ന സോപാന പരിക്രമം , 11ന് വൈകീട്ട് 6 മണിയ്ക്ക് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ  സമാപിക്കും. സോപാനസംഗീത ഗുരു സോപാന സംഗീതരത്നം  അമ്പലപ്പുഴ വിജയകുമാറിന്റെ മാർഗ്ഗോപദേശത്തിലാണ് സോപാന സംഗീത പരിക്രമം നടക്കുന്നത്. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മെയ് 8 ന് രാവിലെ 8 മണിക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പരിപാടി ഉദ്ഘാടനം ചെയ്യും.

ചേരാവള്ളിക്കണ്ടം ഓമന അമ്മ, കുട്ടമംഗലം ഗോപാലകൃഷ്ണപ്പണിക്കർ, ചെമ്പുംപുറം കൃഷ്ണൻ കുട്ടിപ്പണിക്കർ, സോപാനരത്നം അമ്പലപ്പുഴ വിജയകുമാർ, അമ്പലപ്പുഴ മധു, ഊരമന രാജേന്ദ്രമാരാർ, തൃക്കാമ്പുറം ജയദേവ മാരാർ, തിരുമറയൂർ ഗിരിജൻ മാരാർ എന്നീ  സോപാന സംഗീതാചാര്യന്മാരെ വിവിധ വേദികളിലായി ആദരിക്കും. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വാദ്യകലാ വേദിയാണ് ബഹറിൻ സോപാനം വാദ്യകലാ സംഘം.   പ്രവാസലോകത്ത്‌ ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ  കലാസ്വപ്നങ്ങളും സർഗ്ഗശേഷിയും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ മലയാളികളെ സഹായിക്കുന്ന കൂട്ടായ്മയാണിത്.  വിദേശത്ത്  നടന്ന എറ്റവും വലിയ വാദ്യകലാ മഹോത്സവമായ  'വാദ്യസംഗമം' സംഘടിപ്പിക്കുകയും, അഞ്ഞൂറിലധികം വാദ്യകലാകാരന്മാരെ പ്രവാസലോകത്ത്‌ പരിശീലിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് ഈ കൂട്ടായ്മ. 

click me!