'ഭാര്യക്കെതിരെ കൂടോത്രം ചെയ്യണം സ്വാമി', എല്ലാം ഏറ്റ മന്ത്രവാദി പക്ഷേ വീട് മാറിക്കയറി; എല്ലാം സിസിടിവി കണ്ടു, കയ്യോടെ പൊക്കി വീട്ടുകാർ

Published : Jan 22, 2026, 10:12 PM IST
black magician arrested

Synopsis

വീട്ടില്‍ ആരുമുണ്ടാകില്ലെന്ന് യുവാവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രവാദി ഇറങ്ങിയത്. എന്നാൽ മാറിക്കയറിയ വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നു. ഗേറ്റ് തുറന്ന മന്ത്രവാദി തെങ്ങിന്‍ തൈയ്ക്ക് അരികിലെത്തി മന്ത്രം ജപിച്ച് ഭസ്മവും മറ്റും നിക്ഷേപിച്ചു.

കോഴിക്കോട്: കൂടോത്രം ചെയ്യാനായി ഏല്‍പ്പിച്ച വീട് മാറിക്കയറിയതിനെ തുടര്‍ന്ന് വെട്ടിലായി മന്ത്രവാദി. കോഴിക്കോട് താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിന് സമീപത്താണ് കേട്ടവരില്‍ ചിരി പടര്‍ത്തിയ നാടകീയ സംഭവങ്ങള്‍ നടന്നത്. സുനില്‍ എന്ന യുവാവാണ് കൂടോത്രം ചെയ്യാനായി വീട് മാറിക്കയറിയത്. ചുടലമുക്ക് സ്വദേശിയായ ഒരാള്‍ ഇതിനായി സുനിലിനെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. തന്റെ വീടും സ്വത്തുമെല്ലാം ഭാര്യ സ്വന്തം പേരിലാക്കിയെന്നും ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി വീട്ടില്‍ നിന്നും പുറത്താക്കിയെന്നും പറഞ്ഞ ഇയാള്‍ ഭാര്യക്കെതിരായി കൂടോത്രം ചെയ്യണമെന്നാവശ്യപ്പെട്ട് സുനിലിനെ സമീപിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

കൂടോത്രം പോലുള്ള കര്‍മ്മങ്ങള്‍ ചെയ്തു വന്നിരുന്ന സുനില്‍ എല്ലാം താന്‍ ശരിയാക്കാം എന്നേറ്റു. എന്നാല്‍ പരാതിക്കാരന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി പുറപ്പെട്ട ഇയാള്‍ എത്തിയത് ചുങ്കം മുട്ടുകടവിലെ മറ്റൊരു വീട്ടിലായിരുന്നു. വീട്ടില്‍ ആരുമുണ്ടാകില്ലെന്ന് യുവാവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സുനില്‍ ഇറങ്ങിയതെങ്കിലും മാറിക്കയറിയ വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നു. ഗേറ്റ് തുറന്ന ഇയാള്‍ സമീപത്തെ തെങ്ങിന്‍ തൈയ്ക്ക് അരികിലെത്തി മന്ത്രം ജപിച്ച് ഭസ്മവും മറ്റും ഇവിടെ നിക്ഷേപിച്ച് ധൃതിയില്‍ മടങ്ങിയെങ്കിലും സുരക്ഷാ അലാറം മുഴങ്ങിയതോടെ പിടി വീഴുകയായിരുന്നു.

അലാറം മുഴങ്ങിയതോടെ വീട്ടിലുണ്ടായിരുന്നവര്‍ സിസിടിവി പരിശോധിക്കുകയും സുനിലിന്റെ പ്രവൃത്തി കാണുകയും ചെയ്തു. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ഇയാളെ തടഞ്ഞുവെക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടോത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും മൂക്കത്ത് വിരല്‍ വച്ചു പോവുകയായിരുന്നു. ഒടുവില്‍ കൂടോത്രം ചെയ്യാനേല്‍പ്പിച്ചയാളെയും വിളിച്ചു വരുത്തിയ പോലീസ് ഇരുവര്‍ക്കും താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തില്‍ ഇവന്‍ വെറും തവള ഞണ്ട്, അങ്ങ് വിയറ്റ്നാമില്‍ ചക്രവര്‍ത്തി, ഓസ്ട്രേലിയക്കും പ്രിയങ്കരന്‍! വിഴിഞ്ഞത്ത് അപൂര്‍വയിനം ഞണ്ട് വലയില്‍
'എന്‍റെ വാർഡിലടക്കം സർവീസില്ല'! മേയർ രാജേഷ് നേരിട്ട് പറഞ്ഞ പരാതിക്ക് ഗതാഗത മന്ത്രിയുടെ പരിഹാരം, തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസ് റീ ഷെഡ്യൂൾ ചെയ്യും