
കോട്ടയം: യുദ്ധഭൂമികളെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യൻ വ്യോമസേനയുടെ മിഗ്- 23 യുദ്ധവിമാനം ഇനി കോട്ടയത്തിന് സ്വന്തം. യുദ്ധമേഖലയില്‍ നിന്ന് വിരമിച്ച വിമാനം നാട്ടകം പോളിടെക്നിക്കിലാണ് സൂക്ഷിക്കുക. ശാസ്ത്ര സാങ്കേതിക വകുപ്പ് വഴിയാണ് മിഗ്-23 കോട്ടയത്ത് എത്തിയത്.
സോവിയറ്റ് യൂണിയൻ നിര്‍മ്മിച്ച മിഗ് വിമാനങ്ങളിലെ മൂന്നാം തലമുറയില്‍പ്പെട്ട യുദ്ധവിമാനമാണ് മിഗ്-23. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ആദ്യമായി ഉപയോഗിച്ചത് ഈ വിമാനത്തിലാണ്. സിയാച്ചിൻ, കിഴക്കൻ ലഡാക്ക്, കശ്മീര്‍ എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 2009 ല്‍ മിഗ് 23 വിമാനങ്ങള്‍ സേനയില്‍ നിന്ന് വിരമിച്ചു. ഇതില്‍ ഒരെണ്ണമാണ് കോട്ടയത്തെ നാട്ടകം പോളിടെക്നിക്കില്‍ എത്തിയത്. വിമാനത്തിന്‍റെ പ്രവര്‍ത്തനവും എഞ്ചിൻ ഘടനയനും പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാം.
അസമില്‍ നിന്നാണ് വിമാനത്തിന്‍റെ ഭാഗങ്ങള്‍ രണ്ട് വലിയ ട്രെയിലര്‍ ലോറികളില് കോട്ടയത്ത് എത്തിച്ചത്. വ്യോമസേന ഉദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ ഇവിടെയെത്തി വിമാനത്തിന്‍റെ ഭാഗങ്ങള്‍ കൂട്ടി യോജിപ്പിക്കും. റോഡിന് അഭിമുഖമായി വിമാനം ക്യാമ്പസില്‍ ഉറപ്പിക്കും. അടുത്തിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രദര്‍ശനത്തിനായി മിഗ് 27 നല്‍കിയിരുന്നു. മിഗ് 21,29 എന്നിവയാണ് നിലവില്‍ ഈ വിഭാഗത്തില്‍ വ്യോമസേന ഉപയോഗിക്കുന്ന പോര്‍ വിമാനങ്ങള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam