
കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ മലങ്കര വർഗ്ഗീസ് വധക്കേസിൽ 19 പ്രതികളെയും വെറുതെവിട്ട് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവ്. കൊലപാതകം നടന്ന് 20 വർഷത്തിന് ശേഷമാണ് കോടതി വിധി. കൊലയ്ക്ക് പിന്നിൽ സഭാ തർക്കമാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. യാക്കോബായ സഭ വൈദികനും അങ്കമാലി ഭദ്രാസനത്തിന്റെ മാനേജരുമായ ഫാദർ വർഗ്ഗീസ് തെക്കേക്കര, സഭ മാനേജ് മെന്റ് കമ്മിര്റി അംഗം ജോയ് വർഗ്ഗീസ് തുടങ്ങിയവർ പ്രതിയായ കേസിലാണ് ജഡ്ജി അനിൽ ഭാസ്കറിന്റെ ഉത്തരവ്.
തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. 2002 ഡിസംബർ 5 നാണ് ഓർത്തഡോക്സ് സഭ മാനേജ്മെന്റ് കമ്മിറ്റി അംഗം മലങ്കര വർഗ്ഗീസ് പെരുന്പാവൂരിൽ വച്ച് വെട്ടിക്കൊല്ലപ്പെട്ടത്. പെരുമ്പാവൂരിനടുത്ത് എംസി റോഡിലുള്ള വർക്ക്‌ഷോപ്പിൽ വാഹനത്തിന്‍റെ അറ്റകുറ്റപ്പണിക്കായി ഇറങ്ങിയപ്പോൾ മറ്റൊരു കാറിൽ എത്തിയ സംഘത്തിലെ അംഗം വടിവാൾ കൊണ്ടു വെട്ടുകയായിരുന്നു എന്നായിരുന്നു പൊലീസ് കേസ്.
ആദ്യം പെരുന്പാവൂർ പൊലീസും, ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 2007 ൽ സിബിഐയുടെ ചൈന്നെ യൂണിറ്റ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് വർഗ്ഗീസിന്റെ ഭാര്യയുടെ ഹർജി പരിഗണിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.
2012 ൽ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് തുടരന്വേഷണം പൂർത്തിയാക്കി സപ്ലിമെന്ററി റിപ്പോർട്ട് ഫയൽ ചെയ്തത്. 2021 നവംബറിൽ തുടങ്ങിയ വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി ഉത്തരവ്. പ്രോസിക്യൂഷൻ ഹാജരാക്കിയ 85 സാക്ഷികലെ വിസ്തരിക്കുകയും ഇരുനൂറിലധികം രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പറഞ്ഞത്. ഫാദർ വർഗ്ഗീസ് തെക്കേക്കരക്കും ജോയ് വർഗ്ഗീസിനും വേണ്ടി പ്രമുഖ അഭിഭാഷകനായ രാമൻ പിള്ളയാണ് ഹാജരായത്.