ഡിവൈഎഫ്ഐയുടെ പരാതി; ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കുള്ള പ്രത്യേക ശുചിമുറി ഒഴിവാക്കി ദേവസ്വം ബോര്‍ഡ്

By Web TeamFirst Published Mar 5, 2020, 4:55 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ബ്രാഹ്മണര്‍ക്ക് പ്രത്യേകം ശുചിമുറി നല്‍കിയിരിക്കുന്നത് ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് പരാതി നല്‍കുകയായിരുന്നു. 

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രത്തില്‍ സ്ത്രീക്കും പുരുഷനും പുറമെ ബ്രാഹ്മണന് പ്രത്യേകം ശുചിമുറിയൊരുക്കിയത് പരാതിക്കൊടുവില്‍ പിന്‍വലിച്ചു. ഡിവൈഎഫ്ഐ വില്‍വട്ടം മേഖലാ കമ്മിറ്റി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇതുവരെ തുടര്‍ന്നുപോന്ന രീതി ദേവസ്വം ബോര്‍ഡ് അവസാനിപ്പിച്ചത്. കുറ്റുമുത്ത് ശ്രീ മഹാദേവക്ഷേത്രത്തിലാണ് പ്രത്യേക ശുചിമുറി ഒരുക്കിയിരുന്നത്. 

സ്ത്രീക്കും പുരുഷനും പുറമെ മൂന്നാമതായി ബ്രാഹ്മിണ്‍സിന് എന്ന പേരില്‍ ഒഴിച്ചിട്ട ശുചിമുറിയിലെ ബോര്‍ഡ് നീക്കം ചെയ്തതായുള്ള ചിത്രം ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബ്രാഹ്മണര്‍ക്ക് പ്രത്യേകം ശുചിമുറി നല്‍കിയിരിക്കുന്നത് ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് പരാതി നല്‍കുകയായിരുന്നു. 

വേദം പഠിച്ച ഹിന്ദുക്കളെ ജാതി ഭേദമന്യേ പൂജാരിയായിപ്പോലും ദേവസ്വം നിയമിക്കുന്ന ഈ കാലഘട്ടത്തില്‍  ബ്രാഹ്മണര്‍ക്ക് എന്ന രീതിയില്‍ പ്രത്യേക ശൗചാലയം ഒരുക്കുന്നത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും  താത്പര്യങ്ങള്‍ക്കുമെതിരാണെന്ന് ഡിവൈഎഫ്ഐ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം ബ്രാഹ്മണര്‍ക്ക് പൊതുവായി നിര്‍മ്മിച്ചതല്ലെന്നും ക്ഷേത്ര പൂജാരിക്കായി നിര്‍മ്മിച്ചതായിരുന്നുവെന്നുമാണ് ക്ഷേത്രഭരണസമിതിയുടെ വിശദീകരണം. 

click me!