വിദേശികളുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കും: വീണാ ജോര്‍ജ്

Published : Feb 28, 2024, 03:46 PM IST
വിദേശികളുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കും: വീണാ ജോര്‍ജ്

Synopsis

പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനവും പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം, രോഗ നിര്‍മാര്‍ജനം എന്നിവയ്ക്കാണ് ഈ കാലഘട്ടത്തില്‍ ആരോഗ്യ മേഖല ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളില്‍ ജീവിതശൈലീ രോഗ പ്രതിരോധം, കാന്‍സര്‍ കെയര്‍ പ്രോഗ്രാം, ഹെല്‍ത്തി ലൈഫ് കാമ്പയിന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. അതില്‍ ആയുഷ് മേഖലയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ ഒരു കോടി രൂപ ചെലവഴിച്ചാണ് യോഗ പരിശീലന കേന്ദ്രവും വിശ്രമ മന്ദിരവും സ്ഥാപിച്ചത്. ഒരേ സമയം 25 പേര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും യോഗ  പരിശീലനത്തിനെത്തുന്ന പൊതുജനങ്ങള്‍ക്കും വേണ്ടി മതിയായ ടോയ്‌ലെറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കാലഘട്ടത്തില്‍ ആയുര്‍വേദ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ രംഗം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക വര്‍ഷം ഒന്നിച്ച് 116 തസ്തികകള്‍ സൃഷ്ടിച്ചത്. ആയുര്‍വേദ ഗവേഷണം ത്വരിതപ്പെടുത്തുന്നതിനായുള്ള കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുക എന്ന സര്‍ക്കാരിന്റെ നയം നടപ്പിലാക്കി. ഈ സര്‍ക്കാര്‍ വന്ന ശേഷം 510 ആയുഷ് ഡിസ്‌പെന്‍സറികളെ കൂടി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തി. ഇതോടെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ആകെ 600 ആയി. ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചിരുന്നു. രാജ്യത്ത് ആയുഷ് രംഗത്ത് ഏറ്റവുമധികം ആളുകള്‍ ചികിത്സയ്‌ക്കെത്തുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞു. ഇത് ആയുഷ് മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി ഡി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. ജയ്, സൂപ്രണ്ട് ഡോ. ആര്‍.എസ്. ഷിജി, പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയര്‍ വി.എസ്. അജിത് കുമാര്‍, സര്‍വീസ് സംഘടനാ പ്രതിനിധികളായ ഡോ. സുനീഷ്‌മോന്‍ എം.എസ്., എം.എ. അജിത് കുമാര്‍, ശരത്ചന്ദ്രലാല്‍ എന്നിവര്‍ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം
വിവാദങ്ങളെ കാറ്റിൽപ്പറത്തി മുൻ ഡിജിപി ശ്രീലേഖ, ശാസ്തമം​ഗലത്ത് മിന്നും ജയം