'ഒ' മാറി 'എ' ആയി; കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസിനെ 'എയറി'ലാക്കി കെ സുധാകരന്‍റെ ഫ്ലക്സ്

By Web TeamFirst Published Jan 15, 2023, 11:02 AM IST
Highlights

ഫ്ലക്സ് ബോര്‍ഡ് വച്ചിട്ട് രണ്ട് മാസം ആയെങ്കിലും തെറ്റ് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരു വിരുതൻ തെറ്റ് വിശദമാക്കി  കെ സുധാകരന്‍റെ ഫ്ലക്സിന്‍റെ ഫോട്ടെയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അതോടെ ഫ്ലക്സ് വൈറലായി, ഒപ്പം യൂത്ത് കോണ്‍ഗ്രസുകാര്‍ എയറിലും

പള്ളിത്തോട്ടം: കെപിസിസി പ്രസിഡന്റിന് അഭിവാദ്യമര്‍പ്പിച്ച് വച്ച ഫ്ലക്സ് ബോര്‍ഡ് പൊല്ലാപ്പായി മാറിയിരിക്കുകയാണ് കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസിന്. പള്ളിത്തോട്ടം ഡിവിഷനിലെ പ്രവര്‍ത്തകർ വച്ച ഫ്ലക്സിലെ അക്ഷരത്തെറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോൾ വിഷയങ്ങളിലൊന്നു. അമളി മനസിലാക്കിയ പ്രവര്‍ത്തകർ ഫ്ളക്സ് ബോർഡിലെ അക്ഷര തെറ്റ് തിരുത്തി. നോ കോംപ്രമൈസ് എന്നെഴുതിയ കെ സുധാകരന്റെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡ് കൊല്ലം ബീച്ചിനോട് ചേര്‍ന്നുള്ള ജംഗ്ഷനിലാണ് യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകർ വച്ചത്.

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു പ്രശ്നവുമില്ല. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ ഫ്ലക്സില്‍ ഒരു തെറ്റുകാണാം. കോംപ്രമൈസിൽ ഒ എന്ന അക്ഷരത്തിന് പകരം എ എന്ന് അടിച്ച് വച്ചതാണ് വിനയായത്. ഫ്ലക്സ് ബോര്‍ഡ് വച്ചിട്ട് രണ്ട് മാസം ആയെങ്കിലും തെറ്റ് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരു വിരുതൻ തെറ്റ് വിശദമാക്കി  കെ സുധാകരന്‍റെ ഫ്ലക്സിന്‍റെ ഫോട്ടെയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അതോടെ ഫ്ലക്സ് വൈറലായി, ഒപ്പം യൂത്ത് കോണ്‍ഗ്രസുകാര്‍ എയറിലും. രൂക്ഷമായ പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രാഷ്ട്രീയ എതിരാളികളില്‍ നിന്നുണ്ടായത്.

അമളി മനസിലാക്കിയ പ്രവര്‍ത്തകർ ഫ്ലക്സിലെ തെറ്റു തിരുത്തി. ഫ്ലക്സടിക്കാൻ കടക്കാരന് എഴുതിക്കൊടുത്തതിലുണ്ടായ പിശകാണെന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബ്രൂണോ വിക്ടര്‍ വിശദമാക്കുന്നു. സംഭവത്തില്‍ ആരേയും പഴിക്കാനില്ലെന്നും തന്‍റെ തന്നെ തെറ്റാണെന്നും ബ്രൂണോ കുറ്റ സമ്മതവും നടത്തി. എന്നാല്‍ എതിരാളികളുടെ കനത്ത ട്രോളിനൊന്നും തളര്‍ത്താനാകില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പറയുന്നത്. അക്ഷരത്തെറ്റുള്ള ഫ്ലക്സിന്‍റെ ക്ഷീണം തീരാനായി പള്ളിത്തോട്ടത്തെ റോഡ് തകര്‍ച്ചയിൽ പ്രതിഷേധിച്ച് മറ്റൊരു ഫ്ലക്സ് കൂടി പുതിയതായി വച്ചാണ് പ്രവര്‍ത്തകർ മടങ്ങിയത്. 

click me!