സോപ്പുപൊടി നിര്‍മ്മാണശാലയുടെ മറവില്‍ കൃത്രിമ ഭക്ഷ്യകളർ നിർമ്മാണം, കയ്യോടെ പിടികൂടി സ്‌പൈസസ് ബോര്‍ഡ്

By Web TeamFirst Published Dec 11, 2020, 8:43 PM IST
Highlights

 ജില്ലയില്‍ കളര്‍പ്പൊടി ചേര്‍ത്ത ഏലക്കാ വ്യാപകമായ സാഹചര്യത്തില്‍ രണ്ട് ദിവസമായി സ്‌പൈസസ് ബോര്‍ഡും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകള്‍ നടത്തിവരികയായിരുന്നു.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് സോപ്പുപൊടി നിര്‍മ്മാണശാലയുടെ മറവില്‍ ഏലക്കായ്ക്ക് കളര്‍ ലഭിക്കുന്നതിനായി ചേര്‍ക്കുന്ന മിശ്രിതം തയാറാക്കുന്നത് കണ്ടെത്തി സ്‌പൈസസ് ബോര്‍ഡ്. സ്ഥാപനത്തില്‍ സ്‌പൈസസ് ബോര്‍ഡിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ സംയുക്ത റെയ്ഡില്‍ 2475 കിലോ സോഡിയം കാര്‍ബണേറ്റും എട്ട് വലിയ ചാക്കുകള്‍ നിറയെ ഒഴിഞ്ഞ കളര്‍ ടിന്നുകളും പിടികൂടി. 

സംഭവവുമായി ബന്ധപ്പെട്ട് ദേവഗിരി സ്വദേശി അനുമോദിന് നോട്ടീസ് നല്‍കി. മുണ്ടിയെരുമ ദേവഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ആനടിയില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ 50 ചാക്കുകളിലായാണ് സോഡിയം കാര്‍ബണേറ്റ് സൂക്ഷിച്ചിരുന്നത്. സോപ്പുപൊടി നിര്‍മ്മാണശാല എന്നാണ് സ്ഥാപനം അറിയപ്പെട്ടിരുന്നത്. സോഡിയം കാര്‍ബണേറ്റ്, ആപ്പിള്‍ഗ്രീന്‍ ഫുഡ്‌ഗ്രേഡ് കളര്‍ എന്നിവ പ്രത്യേക അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് പൊടിയായി തയാറാക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. 

ഇങ്ങനെ നിര്‍മ്മിക്കുന്ന കളര്‍പ്പൊടി ഏലക്കാ സ്റ്റോറുകളില്‍ എത്തിച്ചുനല്‍കുകയായിരുന്നു പതിവ്.  ജില്ലയില്‍ കളര്‍പ്പൊടി ചേര്‍ത്ത ഏലക്കാ വ്യാപകമായ സാഹചര്യത്തില്‍ രണ്ട് ദിവസമായി സ്‌പൈസസ് ബോര്‍ഡും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകള്‍ നടത്തിവരികയായിരുന്നു. റെയ്ഡില്‍ സ്‌പൈസസ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജഗന്നാഥന്‍, അസി. ഡയറക്ടര്‍ വിജിഷ്ണാ വി, എന്നിവര്‍ നേതൃത്വം നൽകി.

.......................

Image Courtesy: "Rainbow of food natural food colors" by Skoot13, used under CC BY-ND 2.0

click me!