
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിൻ്റെ കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് എത്തി. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളായ അൽപ്പശി, പൈങ്കുനി മഹോത്സവങ്ങൾക്ക് കൊടിയേറുന്നതിനായി പ്രത്യേക വ്രതശുദ്ധിയോടെയാണ് ജയിൽ അന്തേവാസികൾ ഈ കൊടിക്കയർ നെയ്യുന്നത്. ശുദ്ധമായ കോട്ടൺ നൂലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ കയർ, നിർമ്മാണത്തിന് ശേഷം ജയിൽ അധികൃതർ ക്ഷേത്ര ഭാരവാഹികൾക്ക് ചടങ്ങുകളോടെ കൈമാറുകയാണ് പതിവ്.
തുലാമാസ ഉത്സവമായ അൽപ്പശി ഉത്സവത്തിനായുള്ള കൊടിക്കയർ ജയിൽ സൂപ്രണ്ട് രാജേഷ് കുമാറിൽ നിന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബ്രിഗേഡിയർ ആനന്ദ് കുമാറും ക്ഷേത്രം മാനേജർ എൻ കെ അനില്‍ കുമാറും ചേർന്ന് ഏറ്റുവാങ്ങി. ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേറ്റത്തിനുള്ള പൂജിച്ച കൊടിയും കൊടിക്കയറും വലിയ നമ്പിയും പഞ്ചഗവത്ത് നമ്പിയും ചേർന്ന് ക്ഷേത്രം തന്ത്രിക്ക് കൈമാറും.
ഞായറാഴ്ച രാവിലെ 8:45 നും 9:30 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ വർഷത്തെ അൽപശി ഉത്സവത്തിന് തുടക്കമാകും. 20ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടെ 2026ലെ ഉത്സവം സമാപിക്കും. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ആറാട്ട് ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തജനങ്ങൾക്കായി ക്ഷേത്രത്തിൽ നിന്ന് പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam