
മലപ്പുറം: സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിയെ റിമാൻഡ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി ശ്രീവള്ളി ഹൗസിൽ സൗപർണിക (35)യെയാണ് പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തത്. നാല് ശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വായ്പ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് 20,000 രൂപ വീതം നൂറുക്കണക്കിനാളുകളിൽ നിന്ന് വാങ്ങി വഞ്ചിച്ച കേസിലാണ് യുവത റിമാൻഡിലായത്. പരപ്പനങ്ങാടി, താനൂർ, വള്ളിക്കുന്ന് സ്വദേശികളുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്റ്റേഷനുകളിൽ പ്രതിക്കെതിരേ കേസുള്ളതായി പൊലീസ് പറഞ്ഞു. 2019 മുതൽ പ്രതി സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം. സൗപർണിക നിരവധി പേരെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചിറമംഗലം സ്വദേശി രാജേഷും മറ്റ് രണ്ട് പേരും നൽകിയ പരാതിയിലാണ് യുവതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ ലോൺ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 40,000 രൂപ കൈപ്പറ്റി കബളിപ്പിച്ചെന്നാണ് രാജേഷിന്റെ പരാതി.
ആറ് ശതമാനം പലിശനിരക്കിൽ പത്ത് ലക്ഷം രൂപ 72 പ്രവർത്തി ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും 18 വർഷം കൊണ്ട് അടച്ച് തീർത്താൽ മതിയെന്നുമാണ് ഇവർ നൽകുന്ന വാഗ്ദാനം. ലോണിന് അഞ്ച് ലക്ഷം രൂപക്ക് 20,000 രൂപയാണ് കമ്മീഷൻ നൽകേണ്ടത്. പത്ത് ലക്ഷം രൂപക്ക് 37000 രൂപ നേരിട്ടും 3000 രൂപ ഗൂഗിൾ പേ വഴിയുമാണ് രാജേഷ് പണം നൽകിയത്.
ശ്രീലക്ഷ്മി കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ പേരിലാണ് സൗപർണിക ഇടപാടുകാരെ സമീപിച്ചിരുന്നത്. കോഴിക്കോട് ജില്ലയിൽ പൊലീസ്. റിട്ട. പൊലീസ് സൂപ്രണ്ട്, റിട്ട. കരസേന ക്യാപ്റ്റൻ, റിട്ട. ജിയോളജിസ്റ്റ് തുടങ്ങിയവരെ കബളിപ്പിച്ച കേസുകളും ഇവരുടെ പേരിലുണ്ട്. കാലിക്കറ്റ് സർവകലാശാല, എം.ജി. സർവകലാശാല എന്നിവിടങ്ങളിലെ വകുപ്പുകളിൽ ഡേറ്റ എൻട്രി ജോലിയുടെ കരാർ ലഭിക്കാനെന്ന വ്യാജേനയാണ് അന്ന് തട്ടിപ്പുനടത്തിയത്. റിട്ട. പൊലീസ് സൂപ്രണ്ടിന്റേത് മാത്രം അഞ്ചേമുക്കാൽ ലക്ഷം തട്ടിയിട്ടുണ്ട്. ഇതിന് ചേവായൂർ പൊലീസിൽ കേസുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam