ബുധനാഴ്ച അവധി, പ്രവൃത്തി ദിനം നാല് ദിവസമാക്കി, പെട്രോൾ ആഴ്ചയിൽ 15 ലിറ്റർ മാത്രം; പാകിസ്ഥാന് പിന്നാലെ കടുത്ത നടപടികളുമായി ശ്രീലങ്ക

Published : Mar 17, 2026, 11:58 AM IST
Sri lanka oil crisis

Synopsis

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള രൂക്ഷമായ ഇന്ധന ക്ഷാമം മറികടക്കാൻ ശ്രീലങ്ക പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ നാലായി കുറച്ചു. സ്വകാര്യ വാഹനങ്ങൾക്ക് ആഴ്ചയിൽ 15 ലിറ്റർ ഇന്ധനം എന്ന നിലയിൽ റേഷനിംഗ് ഏർപ്പെടുത്തുകയും സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തു. 

കൊളംബോ: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ ഇന്ധന ക്ഷാമം മറികടക്കാൻ പ്രവൃത്തി ദിനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ശ്രീലങ്ക. രാജ്യം ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിവസത്തിലേക്ക് മാറിയതായി ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിലാണ് തീരുമാനം. സംഘർഷം ഇപ്പോൾ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനാൽ, ഇറക്കുമതി ചെയ്യുന്ന ഊർജ്ജത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നേരത്തെ പാകിസ്ഥാനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2022 ലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറുന്ന ശ്രീലങ്ക, സ്ഥിതി കൂടുതൽ വഷളാകുന്നതിന് മുമ്പ് ഇന്ധന ഉപഭോഗം കുറയ്ക്കാൻ നടപടി സ്വീകരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതിയ സമയക്രമം സ്കൂളുകൾക്കും സർവകലാശാലകൾക്കും ബാധകമാകുമെന്നും അനിശ്ചിതമായി നിലനിൽക്കുമെന്നും അവശ്യ സേവനങ്ങളുടെ കമ്മീഷണർ ജനറൽ പ്രബാത്ത് ചന്ദ്രകീർത്തി പറഞ്ഞു. സ്വകാര്യ മേഖലയും ഇതേ മാതൃക പിന്തുടരണമെന്നും ഇനി മുതൽ എല്ലാ ബുധനാഴ്ചയും അവധി ദിനമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാൻ നമ്മൾ തയ്യാറെടുക്കണമെന്നും എന്നാൽ ഏറ്റവും നല്ലത് പ്രതീക്ഷിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. ആശുപത്രികൾ, തുറമുഖങ്ങൾ, അടിയന്തര പ്രവർത്തനങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ സാധാരണപോലെ പ്രവർത്തിക്കും.

മാർച്ച് 15 മുതൽ, വാഹനമോടിക്കുന്നവർക്ക് ആഴ്ചയിൽ 15 ലിറ്റർ പെട്രോൾ, ഡീസൽ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം പൊതുഗതാഗത ഓപ്പറേറ്റർമാർക്ക് 200 ലിറ്റർ വരെ ആക്‌സസ് ചെയ്യാൻ കഴിയും. രാജ്യത്തെ പെട്രോൾ, ഡീസൽ ശേഖരം ഏകദേശം ആറ് ആഴ്ച വരെ നിലനിൽക്കുമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.

ശ്രീലങ്ക മുഴുവൻ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ്. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് കൽക്കരിയും പുറത്തുനിന്ന് വാങ്ങുകയാണ്. ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രധാനമായും സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. അതേസമയം അസംസ്കൃത എണ്ണ മിഡിൽ ഈസ്റ്റിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യാത്രയും ഇന്ധന ഉപഭോഗവും പരിമിതപ്പെടുത്തുന്നതിനായി പൊതുചടങ്ങുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും സിവിൽ സർവീസുകാരോട് സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗേറ്റടക്കാൻ മുറ്റത്തിറങ്ങിയ വീട്ടമ്മയുടെ താലി പൊട്ടിച്ചു, ഓടി പമ്പയാറ്റിൽ ചാടിയ കള്ളനെ പിന്നാലെ ചാടി പിടികൂടി പൊലീസ്
നീല ജീൻസും ഷ‍ർട്ടുമിട്ട് വന്ന 'മാന്യൻ', കൊല്ലത്ത് പട്ടാപ്പകൽ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചു, ആരുമില്ലെന്ന് കണ്ടതോടെ 12 പവൻ കവ‍ർന്നു