തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പരിസരങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർപോർട്ട് സ്ക്വാഡിന്‍റെ നിരീക്ഷണം ഏർപ്പെടുത്തി. മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കോർപറഷൻ്റെ നടപടി.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർപോർട്ട് സ്ക്വാഡിന്‍റെ നിരീക്ഷണം ഏർപ്പെടുത്തി. കഴിഞ്ഞവർഷം ഏപ്രിൽ 15ന് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഒമാൻ എയർവെയ്സ് വിമാനത്തിൽ പരുന്തിടിച്ച് എഞ്ചിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് നിരീക്ഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയത്.
നിരീക്ഷണം ഏർപ്പെടുത്തിയതായി കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ അറിയിച്ചു. അദ്ദേഹമായിരുന്നു നിർദേശം നൽകിയത്. പ്രദേശത്തെ വീടുകളിൽ അജൈവമാലിന്യം ശേഖരിച്ച് പൂർണതോതിൽ സംസ്കരിക്കുന്നതിന് ഹരിതകർമ്മ സേനയെ നിയോഗിച്ചതായും കോർപറേഷൻ സെക്രട്ടറി റിപ്പോർട്ടിൽ പറഞ്ഞു.
പ്രദേശത്തെ വീടുകളിൽ കിച്ചൺ ബിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജൈവമാലിന്യ സംസ്കരണത്തിന് വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ്, എൻഎസ് ഡിപ്പോ എന്നിവിടങ്ങളിൽ അഞ്ചു എയറോബിക് ബിൻ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കമ്മീഷൻ കേസ് പരിഗണിച്ചപ്പോൾ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഹാജരായി.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി എയർപോർട്ടിന് സമീപമുള്ള പ്രദേശങ്ങളിൽ യാതൊരു കാരണവശാലും അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് നഗരസഭാ അധികൃതർ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി.


