മരുന്നെഴുതാനും എടുത്തുകൊടുക്കാനും ഡോക്ടര്‍; വടകര കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയിലും ഡോക്ടര്‍

By Web TeamFirst Published Jan 24, 2022, 1:09 PM IST
Highlights

തീരദേശ മേഖലയുടെ പ്രധാന ആശ്രയമായ ഇവിടെ ദിവസവും ശരാശരി 300 രോഗികളെത്താറുണ്ടെന്നാണ് കണക്ക്. മൂന്ന് ഡോക്ടർമാരുണ്ടെങ്കിലും ഒരാൾ കൊവിഡ് ബാധിതനായി നിരീക്ഷണത്തിലാണ്. അസുഖത്തെ തുടർന്ന് നാലുദിവസമായി ഫാർമസിസ്റ്റ് അവധിയിൽ പോയതോടെയാണ് സ്ഥിതി വഷളായത്. 

മരുന്നെഴുതാനും, രോഗികൾക്ക് മരുന്നെടുത്തുകൊടുക്കാനും ഡോക്ടർ. പുതുമയ്ക്ക് വേണ്ടിയല്ല, മറിച്ച് ഫാർമസി ജീവനക്കാരൻ അവധിയിൽ പോയതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് മെഡിക്കൽ ഓഫീസർ ഫാർമസി കൗണ്ടറിലും സേവനം തുടങ്ങിയത്. വടകര താഴെയങ്ങാടിയിലെ ഡോക്ടറുടെ അധിക സേവനം ഇപ്പോൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയാണ്.

കഴിഞ്ഞ മൂന്നുദിവസമായി താഴെയങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിലെ സ്ഥിതി ഇങ്ങിനെയാണ്. കുറിക്കുന്ന മരുന്നെടുത്ത് കൊടുക്കാൻ ആളില്ലാഞ്ഞതോടെ, രോഗികൾ മടങ്ങിപ്പോകേണ്ട അവസ്ഥയായി. ഫാർമസി ജീവനക്കാരൻ മെഡിക്കൽ അവധിയിൽ പോയതോടെ, രോഗികൾ വലഞ്ഞു. സ്ഥിതി രൂക്ഷമായതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം മെഡി. ഓഫീസർ ഡോ. സുനിത തന്നെ ചുമതലയേറ്റെടുത്തത്. മറ്റൊരു ഡോക്ടറായ സൗമ്യ രോഗികളെ പരിശോധിച്ച് മരുന്നെഴുതുമ്പോൾ, മരുന്നെടുത്തു നൽകാനും ഡോക്ടറാണുള്ളത്.

തീരദേശ മേഖലയുടെ പ്രധാന ആശ്രയമായ ഇവിടെ ദിവസവും ശരാശരി 300 രോഗികളെത്താറുണ്ടെന്നാണ് കണക്ക്. മൂന്ന് ഡോക്ടർമാരുണ്ടെങ്കിലും ഒരാൾ കൊവിഡ് ബാധിതനായി നിരീക്ഷണത്തിലാണ്. അസുഖത്തെ തുടർന്ന് നാലുദിവസമായി ഫാർമസിസ്റ്റ് അവധിയിൽ പോയതോടെയാണ് സ്ഥിതി വഷളായത്. നേരത്തെ 2 ഫാർമസിസ്റ്റുകളുണ്ടായിരുന്നെങ്കിലും ഒരാൾ സ്ഥലം മാറിയപ്പോയ ഒഴിവ് ഇനിയും നികത്തിയിട്ടില്ല. താത്ക്കാലിക സംവിധാനമൊരുക്കാൻ വടകര നഗരസഭ നടപടികൾ തുടങ്ങിയെങ്കിലും പ്രശ്നപരിഹാരത്തിന് ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

click me!