
തൃശൂര്‍: ക്രിസ്മസ് പ്രമാണിച്ചും ജവഹര്‍ ബാലഭവന്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കിയിട്ടില്ല, ഏഴുമാസമായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നുമുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ജീവനക്കാര്‍. കഴിഞ്ഞ ഓണക്കാലത്തും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ജീവിക്കാന്‍ വഴിയില്ലാതെയാണ് സമരം ചെയ്യാന്‍ തീരുമാനിച്ചതെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ശമ്പള പ്രശ്‌നത്തില്‍ സംസ്ഥാനത്തെയോ, ജില്ലയിലേയോ ഒരു ജനപ്രതിനിധി പോലും ഇടപെട്ടിട്ടില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറിയെ നേരില്‍ കണ്ട് ബുദ്ധിമുട്ട് ബോധ്യപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ല. സാംസ്‌കാരിക മന്ത്രിയേയും ധനകാര്യ മന്ത്രിയേയും കണ്ടു പരാതി നല്‍കിയിരുന്നു.
തൃശൂര്‍ എം.എല്‍.എ. പി. ബാലചന്ദ്രനെ പലതവണ ബുദ്ധിമുട്ട് അറിയിച്ചു. മന്ത്രി കെ. രാജനെ പലതവണ കണ്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ ചെയര്‍മാനായ കലക്ടറും മന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തുകയും പ്രതിസന്ധി നീക്കുന്നതിനായി മന്ത്രി കെ. രാജന്‍ മന്ത്രി സജി ചെറിയാനെ നേരില്‍ വിളിക്കുകയും ചെയ്തു. എന്നിട്ടും ജീവനക്കാരുടെ മുടങ്ങിയ ശമ്പളകാര്യത്തില്‍ യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 400ല്‍ പരം കുട്ടികള്‍ പഠനം നടത്തുന്ന തൃശൂര്‍ ബാലഭവന്റെ അവസ്ഥയാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. രാജന്‍, മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ക്കെല്ലാം നിവേദനം സമര്‍പ്പിച്ചു. എന്നിട്ടും ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. ഓണത്തിന് സര്‍ക്കാര്‍ പറഞ്ഞുപറ്റിച്ചതുപോലെ ക്രിസ്മസിനും പറഞ്ഞു പറ്റിച്ചതിന്റെ മനോവിഷമത്തിലാണ് ജീവനക്കാര്‍. അനിശ്ചിതകാല സമരം നടത്തുമെന്ന് കാണിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയുള്ള സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്കും ബാലഭവന്‍ ചെയര്‍മാനായ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്കും നോട്ടീസ് നല്‍കിയിട്ടും ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും തയാറായിട്ടില്ല. സര്‍ക്കാരിന്റെയും ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നിലപാടുകളാണ് തങ്ങളെ അനിശ്ചിതകാല സമരത്തിലേക്ക് തള്ളിവിടുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
Read More : 'ശബ്ദം കേൾക്കാനാണ്', പിണങ്ങിപ്പോയ ഭാര്യക്ക് ഭർത്താവിന്‍റെ ഫോൺ, വാട്ട്സാപ്പിൽ ഒരു ഫോട്ടോയും; ദാരുണാന്ത്യം