
ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലിൽ സംസ്ഥാനത്തെ ആദ്യ കാട്ടാന സംരക്ഷണ കേന്ദ്രം തുടങ്ങുന്നു. 600 ഹെക്ടർ ഭൂമിയിൽ ആനത്താരകൾ സ്ഥാപിച്ച് പ്രത്യേക പാർക്ക് ഒരുക്കാനാണ് പദ്ധതി. കാട്ടാനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുകയാണ് പദ്ധതിയിലൂടെ വനംവകുപ്പ് ലക്ഷ്യമാക്കുന്നത്.
കാട്ടാന ആക്രമണം പതിവായ ചിന്നക്കനാലിൽ നാൽപതോളം കാട്ടാനകളാണുള്ളത്. നാട്ടുകാരുടെ പരാതി ശക്തമായതോടെ ആനകൾ നാട്ടിലിറങ്ങുന്നതിന്‍റെ കാരണം തേടി വനംവകുപ്പ് പഠനം നടത്തിയിരുന്നു. പഠനത്തിൽ കാടിന്‍റെ വ്യാപ്തി കുറഞ്ഞതും വേനലിൽ വനത്തിൽ ആവശ്യത്തിന് തീറ്റയും വെള്ളവും കിട്ടാത്തതുമാണ് കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. ഇതിനുള്ള പ്രതിവിധിയായാണ് കാട്ടാനകൾക്കായി പാർക്ക് സ്ഥാപിക്കുന്നത്. മതികെട്ടാൻ ദേശീയോദ്യാനം മുതൽ ആനയിറങ്കൽ ജലാശയം വരെയുള്ള 600 ഹെക്ടർ സ്ഥലത്ത് പാർക്ക് സ്ഥാപിക്കാനാണ് തീരുമാനം. ഇവിടെ ആനത്താരകളടക്കം പുനസ്ഥാപിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.
പദ്ധതിയ്ക്ക് ഭൂമി കണ്ടെത്തുന്നതിന്‍റെ ആദ്യപടിയായി വനം വകുപ്പ് എച്ച്എൻഎൽ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്ന 386 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ധാരണയായിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ആനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ചിന്നക്കനാൽ 301 ഏക്കർ കോളനിയിലെ ആദിവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാണ് തീരുമാനം. ഇതിന്റെ ഭാഗമായി 50 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam