
തിരുവനന്തപുരം: പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 26000 രൂപ പിഴയും വിധിച്ച് കോടതി. പീഡനത്തിന് കൂട്ട് നിന്ന കുട്ടിയുടെ അമ്മയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണമെന്നാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയുടെ വിധി.
2020 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ബാലരാമപുരത്ത് ഒരു വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. അർധരാത്രി കുട്ടി കട്ടിലിൽ കിടക്കവേ പ്രതി മുറിക്കുള്ളിൽ കേറി കുട്ടിയെ കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിൽ ഭയന്ന കുട്ടി വീട്ടിൽ നിന്ന് ഓടി സമീപത്തുള്ള കുറ്റികാട്ടിൽ ഒളിച്ചിരുന്നു. പ്രതി കാട്ടിൽ ചെന്ന് കുട്ടിയെ മർദിച്ചാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
കുട്ടി പിറ്റേന്ന് തന്‍റെ അച്ഛന്‍റെ ബന്ധുക്കളെ വിവരം അറിയിച്ചതിനെത്തുടർന്ന് അടുത്ത ദിവസം അവർ എത്തി കുട്ടിയെ അച്ഛന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനു മുൻപും പലതവണ രണ്ടാനച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകി. സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതി ആക്കി കേസെടുത്തത്.
വിചാരണ വേളയിൽ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്ന് പറഞ്ഞെങ്കിലും അമ്മക്കെതിരായി കുട്ടി ഒന്നും പറഞ്ഞില്ല. അതിനാൽ അമ്മക്കെതിരെ തെളിവില്ല എന്ന് കണ്ട് ഇവരെ കോടതി വെറുതെ വിട്ടു. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. ആർ വൈ. അഖിലേഷ് എന്നിവർ ഹാജരായി. വിഴിഞ്ഞം പൊലീസ് ഉദ്യോഗസ്ഥരായ എസ്എസ് സജി, കെഎൽ സമ്പത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു.
നെയ്യാറ്റിൻകര ഗോപന്റെ മരണം: കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ കുടുംബം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam