നിര്‍മാണം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം; ആലപ്പുഴ ബെെപ്പാസിന് താണ്ടാന്‍ ഇനിയും ദൂരമേറെ

By Web TeamFirst Published Oct 29, 2018, 8:15 PM IST
Highlights

ബീച്ചിന്‍റെ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ, 2.6 കിലോമീറ്റര്‍ സര്‍വീസ് റോഡ്, 4.25 കിലോമീറ്റര്‍ സ്ലിപ്പ് റോഡ് എന്നിവയുമുണ്ടാകും

ആലപ്പുഴ: മൂന്നു പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ 2015ല്‍ നിര്‍മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസിലൂടെ യാത്ര ചെയ്യാമെന്ന മോഹം അനന്തമായി നീളുന്നു. രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ഉള്‍പ്പടെ പ്രധാന ജോലികള്‍ പലതും ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ കണക്കൂകൂട്ടല്‍ പ്രകാരം അടുത്ത ഏപ്രിലോട് കൂടി മാത്രമേ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകൂ. മേല്‍പ്പാലങ്ങള്‍ക്ക് റെയില്‍വേയുടെ സാങ്കേതിക അനുമതി ലഭിച്ചെങ്കിലും ട്രെയിനുകള്‍ കടന്നു പോയിക്കഴിഞ്ഞ ഇടവേളകളില്‍ ഇവ സ്ഥാപിക്കാനാണ് സുരക്ഷാ അനുമതി വേണ്ടത്.

കുതിരപ്പന്തിയിലും മാളികമുക്കിലും  മേല്‍പ്പാല നിര്‍മാണം ആരംഭിക്കണം. ഇതിനായി പാലങ്ങള്‍ക്ക് മുകളിലെ വൈദ്യുതി ലൈനുകള്‍ മാറ്റേണ്ടതുണ്ട്. നിര്‍മാണ സമയത്ത് ട്രെയിനുകള്‍ മണിക്കൂറുകളോളം ആലപ്പുഴ സ്റ്റേഷനില്‍ പിടിച്ചിടേണ്ടതായി വരും. ഈ നിബന്ധനകള്‍ക്ക് റെയില്‍വേ സേഫ്റ്റി കമ്മീഷനറുടെ അനുമതി ലഭിച്ചാലുടന്‍  നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.

2015 ഫെബ്രുവരി 11ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബര്‍ 2017ല്‍ പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. നിര്‍മാണത്തിന് കാലതാമസം നേരിട്ടതോടെ 2018 മെയ് 28 ലേക്ക് തിയതി നീട്ടി നല്‍കി.

എന്നാല്‍, ജോലികള്‍ പിന്നെയും വൈകി. ഇതിനിടെ പ്രളയവും എത്തിയതോടെ  നിര്‍മാണം നിലച്ചു. നവംബറില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് കണ്‍സ്ട്രക്ഷന്‍ കമ്പനി നല്‍കിയ ഉറപ്പ്. ഇതിനിടെ ഇനിയും തിയതി നീട്ടി നല്‍കാനാവില്ലെന്ന കര്‍ശന  നിര്‍ദേശം മന്ത്രി ജി. സുധാകരന്‍ നല്‍കിയിരുന്നു.

ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡ്, ചെറിയാന്‍ വര്‍ക്കി ആന്‍ഡ് സണ്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ദേശിയപാതയുടെ പടിഞ്ഞാറു ഭാഗത്തുകൂടി കൊമ്മാടി മുതല്‍ കളര്‍കോട് വരെയാണ് 6.8 കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസ് നിര്‍മിക്കുന്നത്.

ഇരുവശത്തും ചെറുവാഹനങ്ങള്‍ക്കുള്ള 1.50 മിറ്റര്‍ പേവ്ഡ് ഷോള്‍ഡറോടുകൂടിയ രണ്ടുവരി പാതയായിരിക്കും ഇത്. ബീച്ചിന്‍റെ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ, 2.6 കിലോമീറ്റര്‍ സര്‍വീസ് റോഡ്, 4.25 കിലോമീറ്റര്‍ സ്ലിപ്പ് റോഡ് എന്നിവയുമുണ്ടാകും.

14 കലുങ്കുകള്‍, രണ്ടു പ്രധാന കവലകള്‍, നാലു ചെറിയ കവലകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടുന്ന 274 കോടി വിനിയോഗിച്ചാണ് ബൈപ്പാസ് പൂര്‍ത്തിയാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം കുടിശികയായപ്പോള്‍ കുറച്ചുനാള്‍ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

click me!