
തിരുവനന്തപുരം: റേഷന്‍ അരി ശേഖരിച്ച് ബ്രാൻഡാക്കി വില്‍പന നടത്തുന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്ക് കണക്കിന് അരിയും ഗോതമ്പും പിടിച്ചെടുത്തു. പാറശാല കാരാളിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ റേഷന്‍ അരി ചാക്കുകള്‍ വീട്ടില്‍ സൂക്ഷിച്ച നിലയിലുംകണ്ടെത്തി. പാറശാല പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ സപ്ലൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്.
തമിഴ്‌നാട്ടിലെയും കേരളത്തിലെയും റേഷന്‍ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാന്റാക്കി മറിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം. വീട്ടിലെ അടുക്കളയിലും ബാത്ത് റൂമിലുമാണ് റേഷന്‍ അരി സുരേഖ അരിയുടെ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 199 ചാക്ക് റേഷന്‍ അരിയും 4 ചാക്ക് ഗോതമ്പും വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച നിലയിലയിലായിരുന്നു.
തമിഴ്‌നാട് കളിയിക്കാവിള സ്വദേശി വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് അരി പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വീട്ടില്‍ ആളില്ലായിരുന്നു. റേഷന്‍ കടകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് അരി ശേഖരിച്ച് കൂടുതല്‍ വിലയ്ക്ക് വില്‍ക്കുകയായിരുന്നു. സുരേഖ, സോടെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ പേരിലാണ് വില്‍പ്പന നടത്തിയത്. പിടികൂടിയ അരി സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഏകദേശം 75,000കിലോ റേഷന്‍ അരി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് കണക്ക്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam