
കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി കേരളത്തിനാകെ അഭിമാനമായ ശ്രീധന്യ സുരേഷിന്റെ വീടിരിക്കുന്നത് പുറമ്പോക്ക് ഭൂമിയില്‍. പുറമ്പോക്കാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവരെ കൈവശരേഖ ലഭിച്ചിട്ടില്ല. പണിപൂര്‍ത്തിയാകാത്ത വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം.
കുടുംബ സ്വത്ത് വീതംവച്ചപ്പോള്‍ ലഭിച്ച അഞ്ച് സെന്റില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച തുക കൊണ്ടാണ് വീട് നിര്‍മാണം ആരംഭിച്ചത്. ഇതിനിടയ്ക്കാണ് പുറമ്പോക്കാണെന്ന് കണ്ടെത്തുന്നത്. ഇതോടെ വീടുപണി മുടങ്ങി. മഴയത്ത് തോരാത്ത വീട്ടില്‍ കയറിക്കിടക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും മകളുടെ ഈ വിജയം മറ്റുള്ള കുട്ടികള്‍ക്ക് മാതൃകയാവട്ടെയെന്നും ശ്രീധന്യയുടെ അമ്മ കമല പറഞ്ഞു.
കോളജ് വിദ്യാഭ്യാസത്തിന് ശേഷം ശ്രീധന്യ സുഗന്ധഗിരി ട്രെെബല്‍ ഓഫീസില്‍ കുറച്ചുകാലം താത്ക്കാലിക ജോലി ചെയ്തിരുന്നു. പിന്നീട് നെഹ്‌റു യുവ കേന്ദ്രയില്‍ തിരുനെല്ലി അപ്പപാറയില്‍ സുപ്പര്‍വൈസറായും സേവനമനുഷ്ടിച്ചു. അതിനു ശേഷം ഡിടിപിസിയുടെ എന്‍ ഊരു പ്രോജക്ടുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റായും ജോലി ചെയ്തു.
അതിനു ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിനായി പോയത്. കുറിച്യ സമുദായത്തില്‍ നിന്ന് ആദ്യമായാണ് ഒരു പെണ്‍കുട്ടി ഈ വിജയം കരസ്ഥമാക്കുന്നത്. വയനാട്ടിലെ സ്‌കൂളുകളില്‍ നിന്ന് ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വലിയ ചര്‍ച്ചയാവുന്ന ഒരു സമയം കൂടിയാണിത്. ഈ അവസരത്തില്‍ ശ്രീധന്യയുടെ സിവില്‍ സര്‍വ്വീസ് നേട്ടം മറ്റു വിദ്യാര്‍ത്ഥികള്‍ക്കും വലിയ പ്രചോദനമാകുമെന്നാണ് ജില്ലാഭരണകൂടത്തിന്റെയും പ്രതീക്ഷ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam