'ഒരൊന്നൊന്നര പാപ്പാൻ'; ബാഹുബലി 'കാളിദാസന്റെ' പാപ്പാനുമുണ്ട് ആരാധകർ

By Web TeamFirst Published Aug 20, 2021, 11:18 AM IST
Highlights

നിരവധി ആനപ്രേമകളുള്ള നടാണ് കേരളം. തലയെടുപ്പുള്ള ആനകൾക്ക്  ആരാധകർ മാത്രമല്ല ഫാൻസ് അസോസിയേഷൻ വരെ ഉള്ള കാലം. എന്നാൽ ആനയ്ക്ക് മാത്രമല്ല ചില പാപ്പാൻമാർക്കുമുണ്ട് ആരാധകർ. ഇത് തന്നെയാണ് ഇവിടത്തെ കൌതുകവും.  

ചേർത്തല: നിരവധി ആനപ്രേമകളുള്ള നടാണ് കേരളം. തലയെടുപ്പുള്ള ആനകൾക്ക്  ആരാധകർ മാത്രമല്ല ഫാൻസ് അസോസിയേഷൻ വരെ ഉള്ള കാലം. എന്നാൽ ആനയ്ക്ക് മാത്രമല്ല ചില പാപ്പാൻമാർക്കുമുണ്ട് ആരാധകർ. ഇത് തന്നെയാണ് ഇവിടത്തെ കൌതുകവും.  

വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ കളവംകോടം വടശേരി വെളിയിൽ പുരുഷോത്തമന്റെ മകൻ കെപി ശരത് (28) ന് ആരാധകർ നിരവധിയാണ്. സിനിമാചരിത്രത്തിൽ ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയിൽ വരെ അഭിനയിച്ച ചിറയ്ക്കൽ കാളിദാസന്റെ ഒന്നാം പാപ്പനാണ് ശരത്. തൃശൂർ ചിറയ്ക്കൽ മധുവിന്റെ ഉടമസ്ഥതയിലുള്ള ചിറയ്ക്കൽ കാളിദാസൻ കേരളത്തിലെ ആനകളിൽ ഏറ്റവും ഉയരം കൂടിയതും ആകാരവടിവും ഉള്ളതാണ്. 

അതുകൊണ്ട് തന്നെ സിനിമാക്കാർ ആദ്യം തേടുന്ന ആനയും ചിറയ്ക്കൽ കാളിദാനെയാണ്. ജയറാം നായകനായി അഭിനയിച്ച പട്ടാഭിഷേകം, ജയസൂര്യ നായകനായി അഭിനയിച്ച പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ കൂടാതെ ഷാറൂഖ് ഖാൻ നായകനായ ദിൽ സേ എന്ന ഹിന്ദി ചിത്രത്തിൽ വരെ അഭിനയിച്ച് താരപരിവേഷമുള്ള ആനയാണ് ചിറയ്ക്കൽ കാളിദാസൻ. ബാഹുബലിയ്ക്ക് ശേഷമാണ് കാളിദാസനൊപ്പം ശരത്തും ഹീറോ പരിവേഷം നേടിയത്. ചിറ്റലപ്പള്ളി, അതിരപ്പിള്ളി എന്നി സ്ഥലങ്ങളിലായിരുന്നു ബാഹുബലിയുടെ ചിത്രീകരണം. 

നായകനായ പ്രഭാസ് തുമ്പികൈയ്യിലൂടെ ചവിട്ടി ആനപ്പുറത്ത് എത്തുന്ന സീൻ പ്രേക്ഷകർക്ക്  ഇന്നും  ആവേശം പകരുന്നതാണ്. എന്നാൽ പ്രഭാസ് ചവിട്ടി കയറുന്നതും ആന ചിഹ്നം വിളിയ്ക്കുന്നതും രണ്ടായി എടുത്തതാണെന്ന് ശരതിന് മാത്രമേ അറിയൂ. 12 വയസിൽ തുടങ്ങിയതാണ് ശരത്തിന്റെ ആനക്കമ്പം. കലവൂർ ജി കൃഷ്ണപ്രസാദിന്റെ ഉടമസ്ഥതയിലുള്ള കുട്ടികൃഷ്ണൻ എന്ന ആനയുടെ മൂന്നാം പാപ്പാനായാണ് ശരത്തിന്റെ രംഗപ്രവേശനം.

തുടർന്ന് കുളമാക്കിൽ സീതാരാമൻ, ഊരയിൽ പാർത്ഥൻ, കീഴൂട്ട് വിശ്വനാഥൻ, ഓമല്ലൂർ ആദികേശവൻ, ഓമല്ലൂർ ശങ്കരനാരായണൻ, ഓമല്ലൂർ ഉണ്ണിക്കുട്ടൻ, ഓമല്ലൂർ നന്ദൻ എന്നിങ്ങനെയുള്ള ആനകളുടെ ചട്ടക്കാരനായി മൂന്നാമനും, രണ്ടാമനും, തുടർന്ന് ഒന്നാമൻ വരെ എത്തി നിൽക്കുമ്പോഴാണ് ചിറയ്ക്കൽ കാളിദാസിനെ തലയെടുപ്പിനോട് ചേർന്ന് നിൽക്കാനായത്. 

കർണ്ണാടക സ്വദേശി, 30-ൽ താഴെ പ്രായം, പത്തടിയോളം ഉയരം, വണ്ണത്തേക്കാൾ ഏറെ ഉയരത്തിലും തലയെടുപ്പിലും മികച്ചു നിൽക്കുന്ന 'ഒറ്റപ്പാളി' ഗണത്തിൽ പെടുന്നവനായതു കൊണ്ടാണ് പൂരങ്ങളിൽ പൂരമായ തൃശൂർ പൂരത്തിലും കാളിദാസനും ശരത്തുും താരമാകുന്നത്. 

ഒരു കൂട്ടം ആരാധകർ കാളിദാസനെയും ശരത്തിനെയും ഉൾപ്പെടുത്തി പാട്ട് ചിത്രീകരിച്ച് യൂ ട്യൂബിൽ പ്രദർശിപ്പിച്ചപ്പോൾ ഏഴ് ലക്ഷം ആരാധകരാണ് കണ്ടത്. കഴിഞ്ഞ കുറെ നാളുകളായി തൃശൂർ ദേവസ്വം ബോർഡിലെ ഒളരിക്കര കാളിദാസനൊപ്പമാണ്. 

click me!