ദേവസ്വത്തിന്‍റെ ആന ആളെ കൊന്നതിന് നഷ്ടപരിഹാരം നൽകേണ്ടി വന്ന പാപ്പാന്‍; രാമന്‍റെ കഥ

By Web TeamFirst Published Mar 10, 2019, 11:37 PM IST
Highlights

1986ലാണ് രാമൻ പാപ്പാനായിരുന്ന സീതാരാമൻ എന്ന ആന തൃപ്പൂണിത്തുറയിൽ ഒരു സ്ത്രീയെ ചവിട്ടികൊന്നത്. ആനയുടെ ചുമതലയുളള പാപ്പാൻ തന്നെ പണം നൽകണമെന്ന് ദേവസ്വം നിലപാടെടുത്തു

തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആന ആളെക്കൊന്നപ്പോൾ സ്വന്തം ശന്പളം കൊണ്ട് നഷ്ടപരിഹാരം നൽകേണ്ടി വന്ന ഹതഭാഗ്യനാണ് രാമൻ എന്ന പാപ്പാൻ. തൃശ്ശൂർ കല്ലൂർ സ്വദേശിയായ രാമന് മുപ്പതു വർഷത്തിലധികം നീണ്ട നിയമപോരാട്ടത്തിനൊടിവിലാണ് ഒരു ലക്ഷത്തോളം രൂപ തിരികെ കിട്ടിയത്.

നിയമപോരാട്ടത്തിനായി ലക്ഷങ്ങൾ ചിലവിട്ടെന്നും ഇത് ദേവസ്വം തിരിച്ചുനൽകണമെന്നും ഇപ്പോള്‍ രാമന്‍ ആവശ്യപ്പെടുന്നു. 1986ലാണ് രാമൻ പാപ്പാനായിരുന്ന സീതാരാമൻ എന്ന ആന തൃപ്പൂണിത്തുറയിൽ ഒരു സ്ത്രീയെ ചവിട്ടികൊന്നത്. ആനയുടെ ചുമതലയുളള പാപ്പാൻ തന്നെ പണം നൽകണമെന്ന് ദേവസ്വം നിലപാടെടുത്തു.

അമ്പതിനായിരത്തോളം രൂപ പാപ്പാന്റെ ശന്പളത്തിൽ നിന്ന് പിടിച്ചു. ദേവസ്വം തന്നോട് ചെയ്തത് അനീതിയാണെന്ന് ചൂണ്ടികാട്ടി രാമൻ കോടതികൾ കയറിയിറങ്ങി. പാപ്പാനല്ല ആന ഉടമയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും രാമന് പണം തിരിച്ച് നൽകണമെന്നും ഒടുവിൽ ഹൈക്കോടതി ഉത്തരവായി.

എന്നിട്ടും അധികൃതർ കനിഞ്ഞില്ല. മാധ്യമറിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്താണ് ശന്പളം പലിശ സഹിതം നൽകാൻ ദേവസ്വത്തോട് ഉത്തരവിട്ടത്. ഇത് പ്രകാരം ഒരു ലക്ഷത്തോളം രൂപ ദേവസ്വം രാമന് നൽകി.

എന്നാൽ, ഇക്കാലമത്രയും അനുഭവിച്ച അപമാനത്തിന് ഇത് പരിഹാരമല്ലെന്നും കേസിന് ചിലവായ മൂന്നര ലക്ഷത്തോളം രൂപ തിരിച്ചു കിട്ടണമെന്നുമാണ് രാമന്റെ ആവശ്യം. ജീവിതകാലമത്രയും ദാരിദ്രത്തിൽക്കഴിഞ്ഞ രാമൻ ഇന്ന് മക്കളുടെ തണലിലാണ്. ആരോഗ്യം അനുവദിക്കുമെങ്കിൽ മറ്റൊരു നിയമ പോരാട്ടം നടത്താനും ഒരുക്കമാണ് ഈ എഴുപത് വയസുകാരൻ.

click me!