
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരിക്കടുത്ത വടക്കനാട്, മൂടക്കൊല്ലി, ആറാം മൈല്‍ ഭാഗങ്ങളില്‍ ഭീതി പരത്തിയ വടക്കനാട് കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടിക്കാനായില്ല. പുലര്‍ച്ചെ നാല് മണി മുതല്‍ ആരംഭിച്ച ശ്രമം രണ്ട് മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കുകയായിരുന്നു.
നാളെ പുലര്‍ച്ചെ മുതല്‍ ആനയെ പിടികൂടാനുള്ള നീക്കങ്ങള്‍ വീണ്ടും ആരംഭിക്കുമെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൂട് കൂടിയതിനാലും ആന ഒരു സ്ഥലത്ത് തന്നെ നിലയുറപ്പിക്കാത്തതുമാണ് ദൗത്യം താല്‍ക്കാലികമായി ഉപേക്ഷിക്കാന്‍ കാരണം. മയക്കുവെടിവെച്ചാല്‍ ആനയുടെ ശരീരത്തിലെ ചൂട് ക്രമാതീതമായി വര്‍ധിക്കും.
ഉച്ചനേരമായതിനാല്‍ ചൂട് ഇരട്ടിയായി ഇത് ആനയുടെ ജീവനെ പോലും ബാധിച്ചേക്കും. വെടിവെച്ച് ആന മയങ്ങിത്തുടങ്ങിയാല്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്ത് ശരീരം തണുപ്പിക്കണം. എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതൊക്കെ കണക്കിലെടുത്താണ് ഉദ്യോഗസ്ഥര്‍ ഇന്നത്തെ ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
അതേസമയം, നാളെ പുലര്‍ച്ചെ നാല് മണിക്ക് തന്നെ ശ്രമം പുനഃരാരംഭിക്കും. രണ്ട് പേരെ വകവരുത്തുകയും ഒട്ടേറെ പേരുടെ കൃഷി നശിപ്പിക്കുകയും ചെയ്ത കൊമ്പനെ പിടികൂടാത്തതിനെ ചൊല്ലി പ്രദേശത്ത് വന്‍പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആനയെ പിടികൂടാന്‍ തീരുമാനിച്ചത്. മുമ്പ് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വടക്കനാട് കൊമ്പന്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam