ആലപ്പുഴയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം; ഒറ്റദിവസം പരിക്കേറ്റത് 38 പേർക്ക്

Published : Sep 18, 2019, 07:45 PM ISTUpdated : Sep 18, 2019, 07:50 PM IST
ആലപ്പുഴയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം; ഒറ്റദിവസം പരിക്കേറ്റത് 38 പേർക്ക്

Synopsis

പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 38 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചമുതലാണ് നായകളുടെ ആക്രമണമുണ്ടായത്.ആലപ്പുഴ കെഎസ്ആർടിസി പരിസരം, ബോട്ട് ജെട്ടി, കല്ലുപാലം, തത്തംപള്ളി, ജില്ലാക്കോടതിപ്പാലം, മുല്ലയ്ക്കൽ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്.പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് നഗരത്തിൽ വിവിധയിടങ്ങളിൽ നായയുടെ അക്രമണം ആരംഭിച്ചത്. സ്കൂൾ, ഓഫിസ് പ്രവർത്തിസമയം അവസാനിച്ച് പാതയോരങ്ങളിൽ തിരക്ക് ആരംഭിച്ചതോടെ നായയുടെ അക്രമവും കൂടി. കറുപ്പ്, ഇളം ബ്രൗൺ നിറത്തിലുള്ള രണ്ട് നായകളാണ് അക്രമകാരികളെന്ന് കടിയേറ്റവർ പറയുന്നു. വെറ്റിനറി ഡോക്‌ടർ ഉൾപ്പെട്ട പൊലിസ് സംഘം നഗരത്തിൽ പേ വിഷബാധയുള്ള നായകൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വ്യാപകമായി ജനങ്ങളെ അക്രമിക്കുന്നതിനാൽ ഇവയ്ക്ക് ഉറപ്പായും പേവിഷ ബാധയുണ്ടാകാമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. കടിയേറ്റ ഭൂരിഭാഗം പേരുട‌െയും പരിക്ക് ഗുരുതരമല്ല. കൂടുതൽപ്പേർക്കും ഇടതുകാലിലാണ് കടിയേറ്റത്. തങ്ങൾ ജോലിക്കു ശേഷം റോഡിലൂടെ നടന്നു പോകുന്ന വഴിക്ക് നായ ഓടി വന്ന് കാലിൽ കടിക്കുകയായിരുന്നെന്ന് അധ്യാപകരായ പുന്നമട സ്വദേശി സുജ(46) ,സജീന(46) ,കോടതി ജീവനക്കാരി പട്ടണക്കാട് സ്വദേശി ശ്രീജ (38)  എന്നിവർ പറയുന്നു.

ഡ്യൂട്ടിക്കു ശേഷം കെ എസ് ആർ ടി സി ബസിൽ നിന്ന് ഇറങ്ങുംവഴിയാണ് കണ്ടക്റ്റർ ടി.പി.അമ്പിളി(39)ക്ക് കടിയേറ്റത്. പാലസ് വാർഡ് സ്വദേശി സഫ(17), പുന്നപ്ര സ്വദേശി പങ്കജൻ(69), തത്തംപള്ളി സ്വദേശികളായ സരയൂ(11), ധനേഷ്(35), മുരളി (60), അവലൂക്കുന്ന് സ്വദേശി അനിത(49), പുന്നമട സ്വദേശി സുജമോൾ(41), ജില്ലാ കോടതി വാർഡ് സ്വദേശി ശിവശങ്കരപണിക്കർ(76), കല്ലുപാലം സ്വദേശി മല്ലിക(40), പി.എച്ച് വാർഡ് മറിയം ബീവി(47), കുറത്തികാട് സ്വദേശി ശോഭന(58) തുടങ്ങി 38 പേരാണ് ഇന്നലെ രാത്രി വരെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

രാപകൽ വ്യത്യാസമില്ലാതെയാണ് പ്രധാന റോഡുകളിലും ഇടവഴികളിലും കൂട്ടമായി നായകൾ തമ്പടിക്കുന്നത്.പേ വിഷബാധയുള്ളവയാകാം എന്ന സംശയം അധികൃതർ പ്രകടിപ്പിച്ചതോടെ കടിയേറ്റവരും ആശങ്കയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി