
തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവാനായ ആക്രമണം പതിവാകുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിൽ വനിതാ ഡോക്ടർക്കും മലയിൻകീഴിൽ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവാവിനും പത്തുവയസുള്ള മകൾക്കുമാണ് കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. മാനസിക ആരോഗ്യകേന്ദ്രത്തിലെ 5-ാം നമ്പർ യൂണിറ്റ് ചീഫ് ഡോ.എൽസമ്മ വർഗീസിനാണ് ഇന്നലെ ഉച്ചയോടെ കടിയേറ്റത്. കൈകാലുകൾക്ക് പരുക്കേറ്റ എൽസമ്മ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വാർഡിലേക്ക് നടന്നു പോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നു. കടിയേറ്റ് ഡോക്ടർ നിലത്തു വീണു. നിലവിളികേട്ട് മറ്റു ജീവനക്കാർ എത്തിയാണ് ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വളപ്പിൽ വ്യാഴാഴ്ച്‌ചയും നായ ആക്രമണമുണ്ടായെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രി വളപ്പിൽ മുപ്പതോളം തെരുവുനായ്ക്കളുണ്ടന്നും തടയാൻ നടപടികളില്ലെന്നും ജീവനക്കാർ പറയുന്നു.
സഹകരണ ബാങ്ക് ജീവനക്കാരനായ വിളവൂർക്കൽ സ്വദേശിക്കും മകൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്കുമാണ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നായയുടെ കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ട് ഇരുവരും ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ പൊറ്റയിൽ ചന്തയ്ക്കു സമീപത്തുവച്ചാണ് തെരുവുനായ ആക്രമിച്ചത്. ബൈക്കിന്‍റെ പിറകിൽ ഇരിക്കുകയായിരുന്ന പത്തുവയസുകാരിയെ ആണ് ആദ്യം നായ കടിച്ചത്. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. നിലത്തുവീണ ഇരുവരെയും നായ ആക്രമിച്ചു. ഈ നായ ഒട്ടേറെ പേരെ കടിച്ചതായും വിവരമുണ്ട്.ഇരുവരും മെഡിക്കൽകോളെജ് ആശുപത്രിയിൽ ചികിത്സ തേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam