സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നേരിടുന്ന അതിക്രമം തമാശയല്ലെന്നും ഇങ്ങനെയുള്ള വേട്ടക്കാരെ തുറന്ന് കാട്ടേണ്ടതുണ്ടെന്നും വീഡിയോ പുറത്ത് വിട്ടതിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും അത് നേരിടാൻ തയ്യാറാണെന്നും റെന ഫാത്തിമ

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വീഡിയോയുമായി ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥി റെന ഫാത്തിമ. കാസര്‍കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുവത്തൂരിൽ നിന്ന് ട്രെയിനിൽ കയറിയ പെൺകുട്ടിക്ക് കുമ്പള കഴിഞ്ഞപ്പോഴാണ് ദുരനുഭവം നേരിടേണ്ടി വന്നത്. കുമ്പള ആയപ്പോൾ കംപാർട്ട്മെന്റിൽ ഉണ്ടായിരുന്നവരിൽ ഏറിയ പങ്കും ഇറങ്ങി. കുമ്പളയിൽ നിന്ന് കയറിയ ഒരു യുവാവ് സൈഡ് അപ്പർ ബർത്തിൽ കയറി കിടന്ന് കോളേജ് വിദ്യാർത്ഥിനിക്ക് നേരെ നോക്കിയിരുന്ന് സ്വയം ഭോഗം ചെയ്യുകയായിരുന്നു. പരിഭ്രമിച്ച് പോയ പെൺകുട്ടി സമീപ കംപാർട്ട്മെന്റിൽ നിന്ന് ആളുകളെ കൂട്ടി എത്തിയപ്പോഴേയ്ക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. ഇയാളുടെ പ്രവർത്തിയുടെ വീഡിയോ സഹിതമാണ് റെന ഫാത്തിമയുടെ വീഡിയോ പ്രതികരണം. എല്ലാവരും വീഡിയോ എടുക്കുന്നത് വൈറൽ ആവാൻ വേണ്ടിയല്ലെന്നും നിരന്തരം ഇത്തരം അനുഭവങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും റെന വീഡിയോയിൽ പറയുന്നു. റെനയ്ക്ക് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ദുരനുഭവം വെളിവാക്കി സന്ദേശമയച്ചത്. ബസിൽ ദുരനുഭവം നേരിട്ടുവെന്ന യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ ദീപക് ആത്മഹത്യ ചെയ്തതും ഷിംജിത അറസ്റ്റിലായതിനും പിന്നാലെ കാര്‍ഡ് ബോര്‍ഡ് കെട്ടി നടന്നവരും മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണമെന്നാണ് റെന ഫാത്തിമ പറയുന്നത്. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നേരിടുന്ന അതിക്രമം തമാശയല്ലെന്നും ഇങ്ങനെയുള്ള വേട്ടക്കാരെ തുറന്ന് കാട്ടേണ്ടതുണ്ടെന്നും വീഡിയോ പുറത്ത് വിട്ടതിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും അത് നേരിടാൻ തയ്യാറാണെന്നും റെന ഫാത്തിമ വീഡിയോയിൽ വിശദമാക്കുന്നത്.ഇത്തരം അക്രമികളുടെ മുഖം മറയ്ക്കേണ്ട ആവശ്യമില്ലെന്നും ഇയാളെപ്പോലെയുള്ളവര്‍ അത് അര്‍ഹിക്കുന്നില്ലെന്നും റെന വിഡീയോയിൽ പറയുന്നുണ്ട്. 

View post on Instagram

ബിഗ് ബോസ് സീസൺ 7നിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു റെന ഫാത്തിമ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബസിനുള്ളില്‍ വച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് പറഞ്ഞ് ഷിംജിതയെന്ന യുവതി വിഡിയോ പകര്‍ത്തുകയും ഇത് സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായതിന് പിന്നാലെ വിഡിയോയിലുണ്ടായിരുന്ന ദീപക് എന്ന യുവാവ് ജീവനൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഷിംജിത നിലവില്‍ അറസ്റ്റിലാണ്. സമൂഹമാധ്യമങ്ങളില്‍ റീച്ചുണ്ടാക്കുന്നതിനായാണ് ഷിംജിത ഇപ്രകാരം വിഡിയോ ചിത്രീകരിച്ചതെന്ന തരത്തില്‍ വലിയ ആക്ഷേപങ്ങള്‍ അവര്‍ക്ക് നേരെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ദീപകിന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതും ഷിംജിതയ്ക്കെതിരെ നടപടിയെടുത്തതും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം