
നിലമ്പൂര്‍: രണ്ട് ദിവസത്തോളം നിലമ്പൂരിനെ ഭീതിയിലാക്കിയ തെരുവ് നായയെ ഇആര്‍എഫ്ടീം സാഹസികമായി പിടികൂടി. രണ്ടു ദിവസങ്ങളിലായി പതിനാറു പേര്‍ക്കാണ് നായയുടെ കടിയേറ്റത്. മൃഗങ്ങള്‍ക്കും കടിയേറ്റു. നിലമ്പൂര്‍ ടൗണില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആള്‍ക്ക് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഇന്ന് പുലര്‍ച്ചെ കടിയേറ്റത്. പേയുടെ ലക്ഷണം കാണിക്കുന്ന തെരുവ് നായയെ നീണ്ട പരിശ്രമത്തിനിടയില്‍ നിലമ്പൂര്‍ ബൈപ്പാസ് റോഡില്‍ കെഎസ് എഫ് ഇ ക്ക് സമീപത്തുനിന്നാണ് ഇആര്‍എഫ് ടീം അംഗങ്ങള്‍ രാവിലെ 8.50 ഓടെ പിടികൂടിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇആര്‍എഫ് പ്രവര്‍ത്തകര്‍ രാപകലില്ലാതെ നായയുടെ പുറകെയായിരുന്നു. ഏറെ ശ്രമഫലമായാണ് നായയെ പിടികൂടാനായത്.
പേ ഉണ്ടെന്ന് സംശയിക്കുന്ന നായയെ ഇരുമ്പു കൂട്ടിലിക്കി മൃഗസംരക്ഷണ വകുപ്പിന് കൈമാറി. നിരവധി തെരുവുനായ്ക്കളെയും ഈ നായ കടിച്ചതായി സംശയമുണ്ട്. അതിനാല്‍ ജനങ്ങളും അധികൃതരും ജാഗ്രത തുടരുകയാണ്. നിലമ്പൂരില്‍ കുറച്ച് ദിവസങ്ങളായി തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ തുടരുകയാണ്. ഏതാനം ദിവസങ്ങള്‍ക്കു മുന്‍പ് മുക്കട്ടയില്‍ ഒരു വീട്ടമ്മയെ തെരുവ് നായ കടിച്ചുകീറിയിരുന്നു. ഇവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികില്‍സ നല്‍കിയത്. ഒരു മാസം മുമ്പ് നിലമ്പൂരില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. അന്ന് പരാക്രമണം നടത്തിയ നായക്ക് പേ വിഷബാധയുണ്ടെന്ന് കണ്ടെത്തി.
ബസ് സ്റ്റാന്റ് പരിസരങ്ങള്‍, മത്സ്യ മാംസ മാര്‍ക്കറ്റുകള്‍, ജില്ലാ ആശുപത്രി പരിസരം, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തെരുവ്നായ ശല്യം രൂക്ഷമാണ്. എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് അംഗങ്ങളായ ബിബിന്‍ പോള്‍, കെ എം അബ്ദുല്‍ മജീദ്, ഷംസുദ്ദീന്‍ കൊളക്കാടന്‍, മുഹമ്മദ് റാഷിക്ക്, കെ എച്ച് ഷഹബാന്‍, പി കെ ജിതേഷ്, അസൈനാര്‍ വീട്ടിച്ചാല്‍, പി ടി റംസാന്‍, ടി പി വിഷ്ണു, ഡെനി എബ്രാഹാം, ടി നജുമുദ്ദീന്‍, കെ സി ഷബീര്‍ അലി, മുസ്തഫ എന്നിവരാണ് നായയെ പിടികൂടിയത്. നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam