
തൃശൂര്‍: പോര്‍ക്കുളത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ ഒൻപത് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. വീടിന് സമീപം കളിക്കുകയായിരുന്ന മടപ്പാട്ട് പറമ്പില്‍ മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പോര്‍ക്കുളം സെന്‍ററിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന മണപ്പാട്ടുപറമ്പില്‍ അഫ്സല്‍, ആബിദ എന്നിവരുടെ മകനാണ് പരിക്കേറ്റ ഫൈസല്‍. അഫ്സലും ആബിദയും ഫൈസലും ഭിന്നശേഷിക്കാരാണ്. കേള്‍വിയില്ലാത്തതിനാല്‍ നായ കുരച്ചുകൊണ്ട് വരുന്നത് കുട്ടിയുടെ ശ്രദ്ധയിൽപെട്ടില്ല. ഫൈസലിന്‍റെ കൈയ്ക്കും മുഖത്തും കഴുത്തിലും ചുണ്ടിലുമാണ് പരിക്കേറ്റത്.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് നായയെ തുരത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം നായയുടെ കുട്ടി വണ്ടിയിടിച്ച് ചത്തിരുന്നു. അതിനുശേഷമാണ് നായ ആക്രണസ്വഭാവം കാണിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഫൈസലിനെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ചികിത്സ ലഭ്യമാക്കിയശേഷം കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam