ശാസ്താംകോ‌ട്ടയിൽ വീട്ടമ്മമാരെ കടിച്ച തെരുവ് നായ ചത്തു, പേവിഷ ബാധയെന്ന് സംശയം

By Web TeamFirst Published Sep 11, 2022, 2:43 PM IST
Highlights

പ്രദേശത്തെ വളർത്തു മൃഗങ്ങളെയും മറ്റു നായ്ക്കളെയും ഇതേ തെരുവുനായ കടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

കൊല്ലം: ശാസ്താംകോട്ടയിൽ കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു. പതിനാറാം വാർഡ് പള്ളിശ്ശേരിക്കലിലാണ് വീട്ടമ്മമാരെ നായ കടിച്ചത്. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രദേശത്തെ വളർത്തു മൃഗങ്ങളെയും മറ്റു നായ്ക്കളെയും ഇതേ തെരുവുനായ കടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ചത്ത നായക്ക് പേ വിഷബാധയുണ്ടെന്നാണ് സംശയം. കഴിഞ്ഞദിവസം ശാസ്താംകോട്ട തടാകം കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബവും തെരുവുനായ്ക്കളുടെ  ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്. 

തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ ആദ്യം ഇൻസ്പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനേയും കടിച്ചു. നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. രാഖിയുടേയും ആര്യൻ്റേയും കാലിൽ ആഴത്തിലുള്ള മുറിവാണുള്ളത്. ശാസ്താംകോട്ട കായൽ കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. ഇതിനു മുൻപും ഇവിടെ വച്ച് പലര്‍ക്കും തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

സാധനങ്ങള്‍ വാങ്ങി മടങ്ങവേ തെരുവുനായയുടെ കടിയേറ്റു, ആറാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയില്‍

കോഴിക്കോട്: വിലങ്ങാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്‍റെ മകൻ ജയസൂര്യയ്ക്കാണ് (12) കടിയേറ്റത്. സഹോദരനൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുമ്പോഴാണ് സംഭവം. പരിക്കേറ്റ കുട്ടി  നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി.

click me!