‘രാത്രിയിലെ കുസൃതി തലവേദനയായി’, ഭക്ഷണത്തോടൊപ്പം വിഷം നല്‍കി അജ്ഞാതർ, വയനാട്ടിലെ വൈറല്‍ നായ ഇനി ഓര്‍മ്മ

Published : Oct 13, 2025, 08:09 PM IST
viral dog from wayanad poisoned to death

Synopsis

തൊണ്ടയിൽ കുടുങ്ങിയ എല്ല് മാറ്റി രക്ഷിച്ചത് വീട്ടമ്മയ്ക്ക് നന്ദി രേഖപ്പെടുത്തുന്ന തെരുവുനായയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. 

കല്‍പ്പറ്റ: തൊണ്ടയില്‍ കുരുങ്ങിയ എല്ലിന്‍കഷ്ണം എടുത്ത് മാറ്റിയ വീട്ടമ്മയെ തേടിയെത്തി നന്ദി സൂചകമായി അരികത്ത് ഇരിക്കുകയും ചെയ്ത തെരുവുനായ ചത്തു. അജ്ഞാത‍ർ ഭക്ഷണത്തോടൊപ്പം വിഷം കലര്‍ത്തി നൽകിയതിന് പിന്നാലെ അവശനിലയിലായി നായ ചാവുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പിണങ്ങോട് ലക്ഷം വീട് കോളനികളിലെ വീടുകളിലും പരിസരപ്രദേശങ്ങളിലും സ്ഥിരം കാണാറുള്ള നായയുടെ വായില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എല്ലിന്‍ കഷ്ണം കുടുങ്ങിയിരുന്നു. കോളനിയിലെ തന്നെ നസീറ എന്ന വീട്ടമ്മ ഇത് എടുത്ത് മാറ്റി നായയുടെ ജീവന്‍ രക്ഷിച്ചതോടെയാണ് ഈ മിണ്ടാപ്രാണി വാര്‍ത്തകളില്‍ ഇടം നേടിയത്. നന്ദി സൂചകമെന്നോണം പിറ്റേന്ന് നസീറയെ തേടിയെത്തിയ തെരുവുനായയുടെ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടത്. ഈ സംഭവം ആളുകളുടെ മനസില്‍ നിന്നും മായും മുമ്പെയാണ് നായയുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നുള്ള വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടത്.

വിഷം ചെന്ന നിലയിൽ നായയെ കണ്ടെത്തിയത് നാല് ദിവസം മുൻപ്

വൈറല്‍ നായ പിണങ്ങോട് ലക്ഷം വീട് കോളനിയിലെ മിക്ക വീടുകളിലും രാത്രിയും പകലുമില്ലാതെ ചുറ്റിത്തിരിയാറുണ്ടായിരുന്നു. രാത്രി കാലങ്ങളിൽ ഈ നായ ഒപ്പിക്കുന്ന കുസൃതികളിൽ പ്രദേശവാസികൾ വലഞ്ഞിരുന്നു. ഇതാവാം ഭക്ഷണത്തിൽ വിഷം കലർത്തി നല്‍കി കൊലപ്പെടുത്താന്‍ കാരണമായതെന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ താഹിര്‍ പിണങ്ങോട് പ്രതികരിച്ചത്. വീടുകളിലെത്തി ചെരുപ്പ്, ഷൂ, മാറ്റ് എന്നിവ കടിച്ചെടുത്ത് പല വഴിക്കായി കൊണ്ട് ചെന്നിടുകയെന്നതായിരുന്നു നായയുടെ സ്ഥിരം പരിപാടി. രാവിലെ മദ്രസയിലേക്കും സ്‌കൂളിലേക്കുമൊക്കെ പോകാനിറങ്ങുന്ന കുട്ടികളുടെയും ജോലിക്ക് പോകാനിറങ്ങുന്ന മുതിര്‍ന്നവരുടെയും ചെരുപ്പും ഷൂവുമൊക്കെ മിനിറ്റുകളോളം പല സ്ഥലങ്ങളില്‍ തിരഞ്ഞ് എടുത്തുകൊണ്ടുവരേണ്ടുന്ന അവസ്ഥയും നാട്ടുകാർ നേരിട്ടിരുന്നു.

ലക്ഷംവീട് അംഗന്‍വാടിക്ക് സമീപം നാല് ദിവസമാണ് വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ നായ മരണത്തോട് മല്ലടിച്ച് കിടന്നത്. താഹിര്‍ അടക്കമുള്ളവര്‍ നായയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ പി.എം സുബൈര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനടിയില്‍ പ്രതിഷേധ കമന്റുകളുമായി നിരവധിപേരാണ് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ