
കണ്ണൂര്‍: കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ മട്ടന്നൂരിനടുത് നീർവേലിയിലാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി ആയിശയാണ് തെരുവ് നായകളുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ പുഴതിയിലും യുകെജി വിദ്യാർത്ഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
പുഴാതിയിലെ യുകെജി വിദ്യാർത്ഥി എ പി ഇല്യാസിന് നേരെയാണ് ഇന്നലെ തെരുവ് നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവമുണ്ടായത്. നായകൾ കുഞ്ഞിനെ ഓടിക്കുന്നതും കുട്ടി ഓടി ഗേറ്റ് കടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി ഓടിക്കയറിയ ബന്ധുവിന്റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ശബ്ദം വെച്ചതോടെയാണ് നായകൾ മടങ്ങിയതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
Also Read : പട്ടാപ്പകൽ പുള്ളിമാൻ കുട്ടിയെ ഓടിച്ചിട്ട് കൊലപ്പെടുത്തി തെരുവ് നായക്കൂട്ടം, ദാരുണം ഈ കാഴ്ച...
തെരുവ് നായയുടെ ആക്രമണത്തിൽ കണ്ണൂരിൽ ഒരു കുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ രീതിയിൽ കുട്ടിയെ നായ ഓടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നത്. കുഞ്ഞു നിഹാലിന്‍റെ മരണം പ്രദേശത്തെ കുട്ടികളിൽ വലിയ ഭയമാണ് ഉണ്ടായിരിക്കുന്നത്. പിന്നാലെയാണ് ഈ വീഡിയോയും പുറത്ത് വന്നത്. അതിനിടെ, തൃശ്ശൂരില്‍ തെരുവ് നായകൾ ഓടിച്ച് സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ 16 കാരനായ എൻ ഫിനോവിനാണ് പരിക്കേറ്റത്. സൈക്കിളിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്.
Also Read : ട്യൂഷൻ കഴിഞ്ഞ് വരവെ തെരുവ് നായ്ക്കൾ ഓടിച്ചു, സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് 16-കാരന്റെ പല്ലുകൾ കൊഴിഞ്ഞു
സംഭവത്തിന്‍റെ വീഡിയോ കാണാം