നാലോളം തെരുവുനായ്ക്കൾ ചേർന്ന് പുള്ളിമാൻ കുഞ്ഞിനെനെ കൂട്ടം കൂടി കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോഡിലിട്ട് മാനിനെ നായ്ക്കള്‍ കടിച്ച് കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പാലക്കാട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം പെരുകുകയാണ്. കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ രണ്ട് ദിവസം മുമ്പ് കടിച്ചു കൊന്നിരുന്നു. രണ്ട് ദിവസത്തിനിടെ നിരവധി പേരെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ഇപ്പോഴിതാ പാലക്കാട് അഗളിയിൽ ഒരു പുള്ളിമാൻ കുട്ടിയെയും തെരുവു നായ്ക്കള്‍ കടിച്ച് കൊലപ്പെടുത്തി. അഗളിയിൽ നിന്നും ബോഡി ചാളക്ക് പോകുന്ന വഴിക്കാണ് നായ്ക്കള്‍ മാൻ കുട്ടിയെ കൊലപ്പെടുത്തിയത്.

നാലോളം തെരുവുനായ്ക്കൾ ചേർന്ന് പുള്ളിമാൻ കുഞ്ഞിനെ കൂട്ടം കൂടി കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോഡിലിട്ട് മാനിനെ നായ്ക്കള്‍ കടിച്ച് കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ നിലമ്പൂരിലും പുള്ളിമാനെ തെരുവ് നായ്ക്കള്‍‌ കടിച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഏകദ്ദേശം മൂന്ന് വയസ് പ്രായമുള്ള പുള്ളിമാനെയാണ് റോഡിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൂച്ചക്കുത്ത് വനം ഔട്ട്‌പോസ്റ്റിലെ വനപാലകർ എത്തിയാണ് പുള്ളിമാന്റെ ജഡം എടുത്ത് മാറ്റിയത്.

കഴിഞ്ഞ ആഴ്ച വയനാട് മാനന്ദവാടിയും തെരുവനായ്ക്കള്‍ മാനിനെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാന്‍ പിന്നീട് ചത്തു, നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥമാണ് മാന്‍ പേരിയ മുപ്പത്തിയാറിലെ മദ്രസയില്‍ ഓടിക്കയറിയത്. വനമേഖലയില്‍ നിന്ന് മുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള പേരിയ മുപ്പത്തിയാറിലെ ഖുവ്വത്തുല്‍ ഇസ്ലാം സെക്കൻഡറി മദ്രസയിലായിരുന്നു സംഭവം.

അതേസമയം സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളെ പഴിക്കുകയാണ് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്. തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്നാണ് മന്ത്രി പറയുന്നത്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More : 'പിഎം മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ 20,55,000 രൂപ ലോണ്‍'; ഫോണിൽ മെസേജ്, സത്യം ഇതാണ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News