കൊച്ചി മെട്രോ പാതയുടെ താഴെയുള്ള വഴിവിളക്കുകൾ കണ്ണടച്ചിട്ട് ഒരു മാസം; പലതവണ പറഞ്ഞിട്ടും നടപടിയില്ലെന്ന് പരാതി

Published : Dec 05, 2023, 05:52 PM ISTUpdated : Dec 05, 2023, 06:03 PM IST
കൊച്ചി മെട്രോ പാതയുടെ താഴെയുള്ള വഴിവിളക്കുകൾ കണ്ണടച്ചിട്ട് ഒരു മാസം; പലതവണ പറഞ്ഞിട്ടും നടപടിയില്ലെന്ന് പരാതി

Synopsis

ആദ്യ നാളുകളിൽ പ്രവർത്തനവും അറ്റകുറ്റപ്പണിയുമെല്ലാം കൃത്യമായി നടന്നിരുന്നുവെന്നും കഴിഞ്ഞ കുറച്ചു നാളുകളായി അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നും നാട്ടുകാർ

 

കൊച്ചി: മെട്രോ പാതയുടെ താഴെയുള്ള വഴിവിളക്കുകൾ തെളിയാതായിട്ട് ഒരു മാസം.രാത്രിയായാൽ റോഡിന്റെ ഇരു വശത്തെയും കടകളിൽ നിന്നുള്ള വെളിച്ചമാണ് യാത്രക്കാർക്ക് ആശ്രയം. പല തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വൈറ്റില മുതൽ എളംകുളം വരെ, ടൗണ്‍ ഹാള്‍ മുതൽ കലൂർ വരെ, ചങ്ങമ്പുഴ പാർക്ക് മുതൽ ഇടപ്പള്ളി വരെ... അങ്ങനെ നീളുകയാണ് മെട്രോ പാതയ്ക്ക് താഴെ തെളിയാതെയുള്ള വഴിവിളക്കുകളുടെ നീണ്ട നിര. കഴിഞ്ഞ ഒരു മാസത്തിലേറെയായി ലൈറ്റുകള്‍ ഭൂരിഭാഗവും തെളിയുന്നില്ല. പല ലൈറ്റുകളും തെളിയണോ വേണ്ടയോ എന്നുള്ള സംശയത്തിലാണ്.

രാത്രിയായാൽ മെട്രോ തൂണിലുള്ള പരസ്യ ബോർഡുകളും റോഡിന്‍റെ ഇരുവശത്തുമുള്ള കടകളിലെ വെളിച്ചവുമാണ് പല സ്ഥലങ്ങളെയും ഇരുട്ട് മൂടാതെ സഹായിക്കുന്നത്. മെട്രോ വന്നതോടെ റോഡിലുണ്ടായിരുന്ന വഴിവിളക്കുകള്‍ മെട്രോ പാതയ്ക്ക് കീഴിലേക്ക് മാറ്റിയിരുന്നു. കെ എം ആർ എല്ലിനാണ് ലൈറ്റുകളുടെ സംരക്ഷണ ചുമതല. ആദ്യ നാളുകളിൽ പ്രവർത്തനവും അറ്റകുറ്റപ്പണിയുമെല്ലാം കൃത്യമായി നടന്നിരുന്നുവെന്നും കഴിഞ്ഞ കുറച്ചു നാളുകളായി അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

പില്ലറുകള്‍ക്കിടയിലുള്ള പല സ്ഥലങ്ങളും പുല്ലും ചെടികളുമെല്ലാം വളർന്ന് കാട് പിടിച്ച നിലയിലാണ്. രാത്രിയിൽ വെളിച്ചം കൂടി ഇല്ലാതാകുന്നതോടെ ഇവിടെ മാലിന്യം തള്ളുന്നതും പതിവാണ്. കേടായ ലൈറ്റുകള്‍ മാറ്റി സ്ഥാപിച്ചും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയും പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി