
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വഴിയോരക്കച്ചവടക്കാരന് ക്രൂരമര്‍ദ്ദനം. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് ഇടതുകൈയുടെ എല്ല് പൊട്ടി. തട്ടുകടയും അക്രമി തല്ലി തകര്‍ത്തു. വടക്കേ നടയില്‍ മാഞ്ചിറ റോഡില്‍ ഏഴു വര്‍ഷത്തോളമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വിൽപ്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് 66 വയസ്സുള്ള രാജേന്ദ്രനാണ് മര്‍ദ്ദനമേറ്റത്. തെരുവില്‍ കഴിയുന്നവര്‍ കഴിഞ്ഞദിവസം നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് രാജേന്ദ്രന്‍ ചോദ്യം ചെയ്തിരുന്നു. പിറ്റേന്ന് കട വിസര്‍ജ്യ വസ്തുക്കളാല്‍ മലിനമാക്കിയത്രെ. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ 12ന് പുലര്‍ച്ചെ മൂന്നുമണിയോടെ ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി മര്‍ദ്ധിക്കുന്നതും കട തല്ലി തകര്‍ക്കുന്നതും നിരീക്ഷണ ക്യാമറയില്‍ വ്യക്തമാണ്. എന്നിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പിന്റെ തിരക്കിട്ട ഡ്യൂട്ടിയാണ് കാരണമായി പോലീസ് പറയുന്നത്. എന്നാല്‍ മര്‍ദ്ധനദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് രാജേന്ദ്രനെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ക്ഷേത്ര നടയിലെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ മാരകായുധങ്ങളുമായി ആക്രമണത്തിന് മുതിരുന്നതായി വ്യാപക പരാതിയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam