തോട്ടപ്പള്ളി സ്പിൽവേയിൽ കരിമണൽ ഖനനത്തിന് സർക്കാർ നീക്കം; സമരവുമായി ജനകീയ സമിതി

By Web TeamFirst Published Aug 23, 2019, 11:16 AM IST
Highlights

തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖത്തെ കരിമണൽ ചവറ കെഎംഎംല്ലിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. പ്രാരംഭനടപടിയായി പൊഴിക്ക് സമീപത്തെ കാറ്റാടിമരങ്ങൾ മുറിക്കാനും ജലസേചനവകുപ്പ് തീരുമാനിച്ചു.

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലെ കരിമണൽ ഖനനം ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രത്യക്ഷ സമരവുമായി ജനകീയ പ്രതിരോധസമിതി രംഗത്ത്. പൊഴിമുഖത്തിന്‍റെ ആഴം കൂട്ടാനെന്ന പേരിൽ മണൽ കൊള്ളയ്ക്കാണ് ശ്രമമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ കുട്ടനാട്ടിലെ പ്രളയജലം കടലിലേക്ക് ഒഴുക്കാനുള്ള ശ്രമങ്ങളാണ് പ്രതിഷേധക്കാർ തടയുന്നതെന്ന് ജലസേചന വകുപ്പ് പറയുന്നത്.

തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖത്തെ കരിമണൽ ചവറ കെഎംഎംല്ലിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. പ്രാരംഭനടപടിയായി പൊഴിക്ക് സമീപത്തെ കാറ്റാടിമരങ്ങൾ മുറിക്കാനും ജലസേചനവകുപ്പ് തീരുമാനിച്ചു. ഇതിനെതിരെയാണ് പ്രതിഷേധവുമായി ജനകീയ പ്രതിരോധസമിതി രം​ഗത്തെത്തിയത്.

പത്ത് വർഷത്തേക്ക് കരിമണൽ നീക്കം ചെയ്യാൻ അനുമതി നൽകിയാൽ തോട്ടപ്പള്ളി മറ്റൊരു ആലപ്പാടായി മാറുമെന്നാണ് പ്രതിഷേധക്കാ‍ർ പറയുന്നത്. സ്പിൽവേയിലേക്ക് വെള്ളം എത്തുന്ന ലീഡിംഗ് ചാനലിന്‍റെയും കനാലുകളുടെയും ആഴം കൂട്ടാതെ പൊഴിമുഖത്തെ മണ്ണ് മാത്രം നീക്കുന്നത് അശാസ്ത്രീയമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ പ്രളയകാലത്ത് കുട്ടനാട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ പൊഴിമുഖത്തിന്‍റെ ആഴം കൂട്ടൽ അല്ലാതെ മറ്റ് മാർ​ഗമില്ലെന്ന് ജലസേചനവകുപ്പ് പറയുന്നു. വ്യാപകമായി കാറ്റാടി മരങ്ങൾ മുറിക്കുമെന്ന പ്രചരണം ശരിയല്ല. 360 മീറ്ററാണ് സ്പിൽവേയുടെ വീതി, ഇതേ വീതിയിൽ കടലിലേക്ക് വെള്ളം ഒഴുക്കണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതേസമയം, പ്രതിഷേധക്കാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം.
 

click me!