‌കോഴിക്കോട് ലഹരി വിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ

Published : Feb 25, 2025, 11:39 PM IST
‌കോഴിക്കോട് ലഹരി വിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ

Synopsis

മലപ്പുറത്തു നിന്നും കോഴിക്കോട്ടേക്ക് കാറിൽ കൊണ്ടു വന്ന 105 ഗ്രാം എംഡിഎംഎയുമായിട്ടാണ് രാമനാട്ടുകരയിൽ വെച്ച് ശ്രാവൺ പിടിയിലായത്. 

കോഴിക്കോട്: ന​ഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ച് വിൽപന നടത്തിയിരുന്ന വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ പി (20) ആണ് പിടിയിലായത്. ബിബിഎ വിദ്യാർത്ഥിയായ ശ്രാവണെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും  ഫറോക്ക് എസ്ഐ അനൂപ് സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടികൂടിയത്. രാമനാട്ടുകര, ഫറോക്ക് എന്നീ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന. 

മലപ്പുറത്തു നിന്നും കോഴിക്കോട്ടേക്ക് കാറിൽ കൊണ്ടു വന്ന 105 ഗ്രാം എംഡിഎംഎയുമായിട്ടാണ് രാമനാട്ടുകരയിൽ വെച്ച് ശ്രാവൺ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ശ്രാവൺ. ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എംഡിഎംഎ എത്തിച്ചു കൊടുക്കുന്നത്. എട്ട് മാസത്തോളമായി ആവശ്യക്കാർക്ക് ലഹരി എത്തിച്ച് കൊടുക്കുന്നതെന്നും, ഏകദേശം 50 തവണ മലപ്പുറം, കോഴിക്കോട് ജില്ലയിൽ ലഹരി എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

ആവശ്യക്കാർ വാട്സ് ആപ്പ് വഴി ബന്ധപ്പെട്ടാൽ നേരിട്ട് കൈമാറാതെ ചെറുപൊതികളിലാക്കി എവിടെ എങ്കിലും വച്ച് ഫോട്ടോ എടുത്ത് ഗൂഗിൾ ലൊക്കേഷനിലൂടെ കൈമാറുന്നതാണ് രീതി. പൊലീസ് ഒരിക്കലും പിടികൂടില്ലെന്ന വിശ്വാസത്തിൽ ലഹരി കച്ചവടം നടത്തിവരികയായിരുന്നു. മലപ്പുറത്തുനിന്നും കാറിൽ കൊണ്ടുവന്ന് ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. അതേസമയം, സംഭവത്തിൽ അന്വേക്ഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ഡാൻസാഫ് എസ്ഐമാരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ കെ, എഎസ്ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ, സുനോജ് കാരയിൽ, ലതീഷ് എംകെ, സരുൺ കുമാർ പികെ, ഷിനോജ് എം, അതുൽ ഇവി, അഭിജിത്ത് പി‌, ദിനീഷ് പികെ, മുഹമദ് മഷ്ഹൂർ കെഎം, ഫറോക്ക് സ്റ്റേഷനിലെ അനീഷ്, ഇർഫാൻ, ശന്തനു, യശ്വന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വെറുമൊരു സ്ട്രോബെറിക്ക് വില 1,600 രൂപ; അതിന് പിന്നിലൊരു കാരണമുണ്ടെന്ന് യുവതി, വീഡിയോ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു