സ്കൂളിൽ സമരം നടത്തിയെന്ന് ആരോപിച്ച് അധ്യാപകൻ മർദ്ദിച്ചതായി പരാതി; പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ

By Web TeamFirst Published Sep 5, 2019, 11:05 PM IST
Highlights

സമരത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ് ഷിജോ ബുധനാഴ്ച രാവിലെ വീട്ടിലെത്തി നുസീബിനെ സ്‌കൂളിലേക്ക് കൂട്ടികൊണ്ടു പോയത്. സ്കൂളിലെ ഒരു പ്രശ്നം പറഞ്ഞ് തീര്‍ക്കാനെന്ന് അമ്മയെ ധരിപ്പിച്ചായിരുന്നു നുസീബിനെ 
കൊണ്ടുപോയത്. 

തിരൂർ: മലപ്പുറത്ത് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. തിരൂരങ്ങാടി തെയ്യാലിങ്ങല്‍ എസ്എസ്എം ഹയര്‍സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഷിജോയ്ക്കെതിരെയാണ് പരാതി നൽകിയത്. പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി നുസീബിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അധ്യാപകൻ വീട്ടിലെത്തി നുസീബിനെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് മർദ്ദിച്ചത്. ഓണ പരീക്ഷ ബഹിഷ്‌കരിച്ച് ചൊവ്വാഴ്ച ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ സമരം നടത്തിയിരുന്നു. ഓണാഘോഷ പരിപാടികൾക്ക് ശിങ്കാരിമേളത്തിന് അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു വിദ്യാർത്ഥികൾ സമരം നടത്തിയത്. ഈ സമരത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ് ഷിജോ ബുധനാഴ്ച രാവിലെ വീട്ടിലെത്തി നുസീബിനെ സ്‌കൂളിലേക്ക് കൂട്ടികൊണ്ടു പോയത്.

സ്കൂളിലെ ഒരു പ്രശ്നം പറഞ്ഞ് തീര്‍ക്കാനെന്ന് അമ്മയെ ധരിപ്പിച്ചായിരുന്നു നുസീബിനെ കൊണ്ടുപോയത്. സ്‌കൂളിലെത്തിയ ഉടനെ എൻഎസ്എസ് പ്രോഗ്രാം ഓഫീസിലേക്ക് ബലമായി കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് കമ്പികള്‍ ഉപയോ​ഗിച്ചാണ് അധ്യാപകന്‍ മർദ്ദിച്ചത്. നിലവിളിച്ചപ്പോള്‍ പ്രിൻസിപ്പാളെത്തി ജനലുകള്‍ അടച്ചെന്നും നസീബ് പരാതിയിൽ ആരോപിച്ചു.

അതേസമയം, നുസീബിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവന്നതില്‍ അധ്യാപകന് വീഴ്ച്ചപറ്റിയെന്ന് പ്രിൻസിപ്പാള്‍ ഷംസുദ്ദിൻ സമ്മതിച്ചു. എന്നാൽ, വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി.

click me!