
പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ കൗണ്‍സിലര്‍ക്കെതിരായ മോഷണക്കേസ് ഹൈക്കോടതി ഒഴിവാക്കി. പണം തിരികെ കിട്ടിയെന്നും കേസ് പിന്‍വലിക്കുകയാണെന്നുമുള്ള പരാതിക്കാരിയായ കൗണ്‍സിലറുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മോഷണക്കേസില്‍ പ്രതിയായ കൗണ്‍സിലര്‍ ബി സുജാത ഇന്നലെ നഗരസഭാംഗത്വം രാജി വെച്ചിരുന്നു.
സിപിഎം പാലക്കാട് ഘടകത്തിൽ ഏറെ ആശയക്കുഴപ്പമുണ്ടാക്കിയ മോഷണക്കേസാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. പരാതിക്കാരിയും പ്രതിയും ഒരേ പാര്‍ട്ടിയില്‍ നിന്നായപ്പോള്‍ പ്രതിയായ കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കിയിരുന്നു.
ഒറ്റപ്പാലം നഗരസഭ ഓഫീസിൽ വച്ച് 38,000 രൂപ മോഷണം പോയെന്നായിരുന്നു സി പി എം അംഗവും സ്ഥിരം സമിതി അധ്യക്ഷയുമായ ടി ലത പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് നാല് കൗൺസിലർമാർക്ക് നേരെ സംശയം നീണ്ടു. ആരും കുറ്റം സമ്മതിക്കാത്തതിനെ തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സ്ഥിരം സമിതി അധ്യക്ഷയായിരുന്ന ബി സുജാതയാണ് പ്രതിയെന്ന് തെളിഞ്ഞത്.
അതിനിടെ, ലത തനിക്കു പരാതിയില്ലെന്നു കാട്ടി കേസ് പിൻവലിക്കാൻ ഒറ്റപ്പാലം കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. സുജാതയെ നഗരസസഭ ഭരണസമിതി സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യുഡിഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം സുജാത കൗൺസിലർ സ്ഥാനവും രാജിവച്ചു. ഇതിന് തൊട്ടുപുറകെയാണ് കേസ് തീർപ്പാക്കിക്കൊണ്ടുളള കോടതിവിധി.
ഇതോടെ പൊലീസ് നടപടികൾ അവസാനിച്ചെങ്കിലും പൊതുരംഗത്തേക്ക് സുജാതയുടെ തിരിച്ചുവരവ് എളുപ്പമാവില്ലെന്നാണ് ഒരുവിഭാഗം സിപിഎം പ്രവർത്തകർ പറയുന്നത്. പാര്‍ട്ടി നടപടിയെടുക്കുമ്പോൾ സിപിഎം വരോട് ലോക്കൽകമ്മിറ്റി അംഗമായിരുന്നു സുജാത.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam