
കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വിദ്യാർത്ഥിയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി
മുക്കം അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്, പൂളക്കോട് സെന്‍റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്‍റെ സമീപമുള്ള 40 അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളമുള്ള കിണറ്റിലാണ് കളൻതോട് എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി ഫദൽ(20) വീണത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോളേജ് വിട്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ പൊലീസിനെ കണ്ടു ഭയന്ന് വാഹനം പാർക്ക് ചെയ്ത് കുട്ടി ഓടുകയായിരുന്നു. ഇതിനിടെ ബദ്ധവശാൽ കിണറ്റില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളാണ് കിണറ്റിൽ വീണ വിവരം എല്ലാവരെയും അറിയിച്ചത്. ഉടൻ തന്നെ മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി റോപ്പിന്‍റെയും റെസ്ക്യു നെറ്റിന്‍റെയും സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി രക്ഷപെടുത്തി.
വിദ്യാർത്ഥിക്ക് സാരമായ പരിക്കുകളേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് മുക്കം അഗ്നി രക്ഷാ നിലയത്തിലെ ഓഫീസർ എം അബ്‍ദുൾ ഗഫൂർ , സീനിയർ ഫയർ ഓഫീസർ സി മനോജ്, സേനാംഗങ്ങളായ സനീഷ് പി ചെറിയാൻ, പി ടി ശ്രീജേഷ് , വൈ പി ഷറഫുദ്ധീൻ, കെ പി അജീഷ്, ടി പി ഫാസിൽ അലി, കെ എസ് ശരത്, വി എം മിഥുൻ, ജോളി ഫിലിപ്പ് എന്നിവർ നേതൃത്വം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam