മകനെ കാണാതായിട്ട് ഒരാഴ്ച; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

By Web TeamFirst Published Jul 1, 2019, 9:09 PM IST
Highlights

മണ്ണഞ്ചേരി സ്വദേശി ലെനിന്‍റെ മകൻ അമർനാഥിനെ കഴിഞ്ഞ മാസം 20 മുതലാണ് കാണാതായത്. ചേർത്തല എസ്എൻ ട്രസ്റ്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അമർനാഥ്.

മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം.  മണ്ണഞ്ചേരി സ്വദേശി ലെനിന്‍റെ മകൻ അമർനാഥിനെ കഴിഞ്ഞ മാസം 20 മുതലാണ് കാണാതായത്. ചേർത്തല എസ്എൻ ട്രസ്റ്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അമർനാഥ്.

രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകും വഴിയാണ് അമർനാഥിനെ കാണാതാവുന്നത്. പുതിയ വസ്ത്രം വാങ്ങിത്തരാത്തതിന് അച്ഛനോടും അമ്മയോടും വഴക്കിട്ടാണ് അമർനാഥ് വീട്ടിൽ നിന്ന് ഇറങ്ങിയത്. കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും മകനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അമർനാഥിന്റെ പിതാവ് ലെനിൻ ആലപ്പുഴ എസ്പിക്ക് പരാതി നൽകുകയായിരുന്നു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ അമർനാഥിനെ കണ്ടതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ കാര്യമായ വിവരം പൊലീസിന് ലഭിച്ചില്ല. വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചെന്ന് എസ്പി അറിയിച്ചു. പൊലീസിന് പുറമെ ചൈൾഡ് ലൈനും അമർനാഥിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

click me!