അശ്ലീല ചാറ്റിംഗ്, പരാതി നല്‍കിയതിന് അധ്യാപകന്‍റെ ഭീഷണി; വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പോക്സോ ചുമത്തി

By Web TeamFirst Published Sep 15, 2021, 8:29 AM IST
Highlights

ആത്മഹത്യക്ക് പിന്നില്‍ ഉസ്മാന്‍ എന്ന അധ്യാപകന്‍റെ മാനസിക പീഡനമാണെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകന്‍ പിന്തുടര്‍ന്നിരുന്നതായാണ് ആരോപണം. 

കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ പ്രതിചേർത്തു. കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് പോക്സോ കേസ്. അധ്യാപകന്‍ ഒളിവിലാണ്. ദേളിയിലെ സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ ഉസ്മാന്‍ എന്ന അധ്യാപകന്‍റെ മാനസിക പീഡനമാണെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകന്‍ പിന്തുടര്‍ന്നിരുന്നതായാണ് ആരോപണം. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് മനസിലാക്കിയ പിതാവ് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരം ധരിപ്പിച്ചിരുന്നു. അന്ന് രാത്രി വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ അധ്യാപകന്‍ പറയുന്ന ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. അധ്യാപകന്‍ ഉസ്മാനെതിരെ പോക്സോയും ബാലനീതി വകുപ്പും ചുമത്തി മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അധ്യാപകന്‍ ഒളിവിലാണ്. കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!